കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് അതിക്രമം: സിപിഐ എം നേതാക്കൾ അടക്കം 50 പേർക്കെതിരെ കേസ്

പെരുമ്പാവൂർ: യുഡിഎഫ് സർക്കാർ പട്ടികജാതി കുടുംബങ്ങൾക്കെതിരെ നടത്തിയ നരനായാട്ടിന് പിന്നാലെ കേസെടുത്ത് പൊലീസ്. സിപിഐ എം നേതാക്കളും മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ താമസക്കാരുമടക്കം കണ്ടാൽ അറിയുന്ന 50 പേർക്കെതിരെയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്. അന്യായമായ സംഘംചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുഖ്യമന്ത്രിയുടെ ജില്ലയായ എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലാണ് ബുധനാഴ്ച പൊലീസ് തേർവാഴ്‌ച നടത്തിയത്. സുപ്രീംകോടതി വിധിയുടെ പേരിൽ ഉന്നതിയിലെ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായിരുന്നു അക്രമം. പട്ടികജാതി കുടുംബങ്ങളിലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീടുകളിൽനിന്ന് വലിച്ചിഴച്ച് തെരുവിലിട്ട് തല്ലി. അർബുദബാധിതനും ഹൃദ്‌രോഗിയുമടക്കം 12 പേർക്ക് പരിക്കേറ്റു. സിപിഐ എം നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ പൊലീസ് പിൻവാങ്ങി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, നേരത്തേ 14 തവണ അഭിഭാഷക കമീഷൻ നടപടിക്കെത്തിയപ്പോഴെല്ലാം പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങിയതല്ലാതെ പൊലീസ് അതിക്രമമുണ്ടായിരുന്നില്ല.
അരനൂറ്റാണ്ടുനീണ്ട ഭൂമി തർക്കമാണ് പാരിയത്തുകാവിലേത്. കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം മലയിടംതുരുത്തിലുള്ള 19ഏക്കർ സർക്കാർ പുറമ്പോക്കിൽ രണ്ടര ഏക്കർ സ്വകാര്യ സ്ഥലമാണെന്നാണ് അവകാശവാദം. ഇൗ ഭൂമിയിലാണ് ഉന്നതിയിലെ എട്ട് പട്ടികജാതി കുടുംബങ്ങൾ തലമുറകളായി താമസിക്കുന്നത്.










0 comments