പകരത്തിനുപകരം തീരുവ; യുഎസ്‌ നീക്കം ചെമ്മീൻ കയറ്റുമതിക്കും പ്രഹരം

shrimp exports
avatar
പി ആർ ദീപ്‌തി

Published on Mar 11, 2025, 12:01 AM | 1 min read

കൊല്ലം: ‘പകരത്തിനു പകരം’ തീരുവ (റസിപ്രോക്കൽ താരിഫ്) ഏർപ്പെടുത്താനുള്ള യുഎസ് നീക്കം രാജ്യത്തെ ചെമ്മീൻ കയറ്റുമതിയെ ഇല്ലാതാക്കുന്നത്‌. ഇന്ത്യൻ കാർഷികോൽപ്പന്നങ്ങൾക്ക് യുഎസിൽ ചുമത്തുന്ന തീരുവ ശരാശരി 3.3 ശതമാനമാണെങ്കിൽ ഇന്ത്യയിലെത്തുന്ന യുഎസ് കാർഷികോൽപ്പന്നങ്ങൾക്ക് ഇത് 37.7 ശതമാനമാണ്.


പകരത്തിനു പകരം എന്ന രീതിയിലാണെങ്കിൽ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങൾക്കുമേൽ 32.4 ശതമാനം അധികതീരുവ യുഎസ് ചുമത്തിയാൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കും. ഇതാണ് ചെമ്മീൻ കയറ്റുമതിക്കും തിരിച്ചടിയാകുന്നത്. രാജ്യത്തുനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ 33 ശതമാനവും അമേരിക്കയിലേക്കായിരുന്നു.


മീൻപിടിത്തവലകളിൽ കടലാമകളെ രക്ഷിക്കാനുള്ള ടർട്ടിൽ എക്സ്‌ക്ലൂഡർ ഡിവൈസ് (ടിഇഡി) ഇന്ത്യ ഘടിപ്പിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ 2019 മുതൽ ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതുവഴി മേഖലയ്ക്ക്‌ പ്രതിവർഷം 2500 കോടിയുടെ നഷ്ടമാണുണ്ടാകുന്നത്‌. ഇത്‌ മറികടക്കാൻ വലകളിൽ ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്‌ ഘടിപ്പിക്കാനുള്ള നടപടിയുമായി മറൈൻ പ്രോഡക്ടസ്‌ എക്‌സ്‌പോർട്ട്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (എംപിഇഡിഎ)യുടെ നേതൃത്വത്തിൽ മുന്നോട്ടുപോകവെയാണ്‌ യുഎസിന്റെ ‘പകരത്തിനു പകരം’ തീരുവ തിരിച്ചടിയാകുന്നത്‌.


ചെമ്മീന്‌ വില കിട്ടുന്ന മാർക്കറ്റ്‌ കൂടിയായ അമേരിക്ക കിലോയ്‌ക്ക്‌ ഒമ്പത്‌ ഡോളറിന്‌ (9 ഡോളർ = 786 രൂപ) മുകളിൽ വില നൽകിയായിരുന്നു വാങ്ങിയിരുന്നത്‌. അമേരിക്കൻ നിരോധനം വന്നതോടെ ഇവിടെനിന്ന്‌ ഏഴ്‌ ഡോളറിന്‌ വാങ്ങിയിരുന്ന യൂറോപ്പും വില അഞ്ച്‌ ഡോളറാക്കി കുറച്ചു. രാജ്യത്തെ മറ്റു മേഖലകളെപ്പോലെ ചെമ്മീൻ മേഖല വലിയ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ ട്രംപിന്റെ ‘പകരത്തിനു പകരം’ തീരുവ നയം.



deshabhimani section

Related News

View More
0 comments
Sort by

Home