print edition കോർപറേറ്റ് അനുകൂല നയത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തണം: മേഴ്സിക്കുട്ടിഅമ്മ

കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "തീവ്ര വലതുപക്ഷനയങ്ങളും പൊതുമേഖലയുടെ ഭാവിയും' സെമിനാർ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കോർപറേറ്റ് അനുകൂല നയത്തിനെതിരായ പ്രതിരോധം തൊഴിലാളികളുടെയും ജീവനക്കാരുടെയും സേവനവേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ. കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "തീവ്ര വലതുപക്ഷനയങ്ങളും പൊതുമേഖലയുടെ ഭാവിയും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്ത് കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുകയാണ്. അതിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമാകുകയും ജനജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തു.
മധ്യേഷ്യയിലെ സംഘർഷങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യമാണുള്ളത്. എംഎംഡിആർ ആക്ട് ഭേദഗതി ചെയ്‌ത് ഖനന മേഖലയെ വിദേശ- സ്വദേശ കുത്തകകൾക്ക് തുറന്നുകൊടുക്കുന്ന നിലപാട് രാജ്യത്തിന്റെ ധാതു-ഊർജ വിഭവങ്ങൾ സ്വകാര്യമേഖലയുടെ കൈകളിലേക്കെത്തിക്കും. വർഗീയ-കുത്തകവൽക്കരണ ശക്തികൾക്കെതിരെ സംഘടിത പ്രതിരോധം ശക്തിപ്പെടുത്തണമെന്നും കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടുകൾ സംരക്ഷിക്കണമെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
വി സോമനാഥന്‍ നഗറില്‍ (എ കെ ജി ഹാള്‍) നടന്ന സമ്മേളനത്തില്‍ കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എന്‍ ശരത്ചന്ദ്രലാല്‍ അധ്യക്ഷനായി. എഐഎസ്ജിഇഎഫ് അഖിലേന്ത്യ പ്രസിഡന്റ് സുഭാഷ് ലാംബ മുഖ്യപ്രഭാഷണം നടത്തി. വിവിധ സര്‍വീസ് സംഘടനകളുടെ ഭാരവാഹികളായ സി ബി വേണുഗോപാല്‍, ജെറിന്‍ കെ ജോണ്‍, ഹണി ബാലചന്ദ്രന്‍, എന്‍ കെ രാമചന്ദ്രന്‍, പി ജയപ്രകാശ്, സല്‍ ജബീല്‍, വി സി ബിന്ദു, എസ് തന്പി, എന്‍ രവികുമാര്‍, കെജിഒഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍, ട്രഷറര്‍ എ ബിന്ദു എന്നിവര്‍ സംസാരിച്ചു.










0 comments