ഇ എൻ മോഹൻദാസിന് വിട നൽകി നാട്; മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

ഇ എൻ മോഹൻദാസിന്റെ മൃതദേഹത്തിൽ ദേശാഭിമാനിവെച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
മലപ്പുറം: അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരുമായ ഇ എൻ മോഹൻദാസിന്റെ മൃതദേഹം മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് കൈമാറി. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. രണ്ട് തവണ പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഇ എൻ മോഹൻദാസ്, പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്.
മുതിർന്ന സിപിഐ എം നേതാവ് ടി കെ ഹംസ, ഇ എൻ മോഹൻദാസിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു
1951 സെപ്‌തംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറിൽ തിരൂർ സമ്മേളനത്തിൽ തുടർന്നു.
2024ൽ താനൂർ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. കെഎസ്‌കെടിയു,- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായിരുന്നു. റെയ്‌ഡ്‌കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.










0 comments