ലൈംഗിക പീഡനക്കേസ്: ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം പ്രശോഭ് സി വത്സൻ (ഇടത്), പ്രശോഭ് സി വത്സൻ (വലത്)
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസൻ എം പ്രശോഭ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരാതിക്കാരിക്ക് നോട്ടീസയച്ചു. മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് സ്പെഷ്യൽ കോടതി തള്ളിയതോടെയാണ് പ്രശോഭ് ഹെെക്കോടതിയിൽ അപ്പീൽ നൽകിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയും കാറിലും ഹോട്ടലിലും വച്ച് നിരവധി തവണ പീഡിപ്പിച്ചതായും ഗർഭിണിയായെന്നറിഞ്ഞപ്പോൾ അലസിപ്പിക്കാൻ മരുന്നുകഴിക്കാനും നിർദ്ദേശിച്ചതായി കാണിച്ച് പാലക്കാട്ട് താമസിക്കുന്ന യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ പൊലീസമേധാവിക്ക് അന്വേഷണത്തിന് കൈമാറുകുയും പാലക്കാട് സൗത്ത് പൊലീസ് കേസെടുക്കുകയും ചെയ്‌തു.
പീഢനത്തിനു പുറമേ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിരുന്നു. സംഭവത്തിനു ശേഷം പ്രശോഭ് ഒളിവിലാണ്. ഇതനിടിയിൽ മണ്ണാർക്കാട് പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽചെയ്‌തു. കഴിഞ്ഞദിവസം അടച്ചിട്ട കോടതി മുറിയിൽ അതിജീവിത ജഡ്ജിക്ക് രഹസ്യ മൊഴി നൽകിയിരുന്നു. വെള്ളിയാഴ്‌ച കേസ് പരിഗണിച്ച ജഡജി ജോമോൻ ജോൺ പ്രതിയുടെ മുൻകൂർജാമ്യം തള്ളുകയായിരുന്നു. ജതിജീവിതയുടെ വൈദ്യ പരിശോധന റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചുതന്നതായും പരാതിയിൽ പറയുന്നു. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന വാർഡുകൂടിയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഏഴ് കോൺഗ്രസ് ഭാരവാഹികൾ രാജിവച്ചിരുന്നു. രാഹുൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയതും പ്രശോഭായിരുന്നു.










0 comments