ചെല്ലാനത്തെ രണ്ടാം ഘട്ട കടൽ ഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ

കൊച്ചി: ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ 7.30 കിലോമീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി പുനർ നിർമ്മാണം, ബസാർ മേഖലയിലെ പുലിമുട്ട് ശൃംഖല ഉൾപ്പെടുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചെല്ലാനം പഞ്ചായത്തിന്റെ വടക്കേയറ്റം വരെ 6.10 കിലോമീറ്റർ ദൈർഘ്യമുള്ള കടൽ ഭിത്തിയുടെ ടെട്രാപ്പോട് ഉപയോഗിച്ചുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ശനി വൈകിട്ട് 3.30ന് പുത്തൻതോട് ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പുത്തൻതോടുമുതൽ മനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നത്. പൂർത്തീകരിക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് കടലാക്രമണത്തിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടും. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും രണ്ടാംഘട്ട നിർമാണത്തിനായി ഉപയോഗിക്കും. ഇതിനായി സംസ്ഥാന സർക്കാർ 404 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബിയാണ് തുക അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണം പൂർത്തീകരിച്ചതോടെ പഞ്ചായത്തിന്റെ തെക്കൻമേഖല ശാന്തമായി. പിന്നീടിതുവരെ കാലവർഷക്കെടുതിയും കടലാക്രമണവും തെക്കൻ ചെല്ലാനത്തുള്ളവർ അനുഭവിച്ചിട്ടില്ല. എന്നാൽ, കണ്ണമാലി പ്രദേശം കടലാക്രമണം രൂക്ഷമായി തുടർന്നിരുന്നു. ഇതിന് ശാശ്വതപരിഹാരമാണ് രണ്ടാംഘട്ട നിർമാണം.
ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവും. വ്യവസായ മന്ത്രി പി രാജീവ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള സർക്കാർ പ്രതിനിധി കെ വി തോമസ് തുടങ്ങിയവർ പങ്കെടുക്കും.










0 comments