ശബരിമല ദ്വാരപാലക ശിൽപ്പ പാളി: തിരിമറി നടന്നു, ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളിയിൽ നിന്നും സ്വർണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ എന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. പാളികളിൽ സ്വർണം പൂശിയ സ്മാർട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നും ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപാളി കൊടുത്തുവിടരുതെന്ന ദേവസ്വം ബോർഡിന്റെ 2019ലെ ഉത്തരവ് അന്നത്തെ ദേവസ്വം സെക്രട്ടറി ജയശ്രീ തിരുത്തി. സ്വർണപാളി വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.
2019ൽ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപാളികൾ നവീകരണത്തിനായി കൊണ്ടുപോകുമ്പോൾ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഉത്തരവ്. ദേവസ്വം വിജിലൻസിന്റെയും ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ സുരക്ഷ ജീവനക്കാരുടെ മേൽനോട്ടത്തിൽ സ്വർണ പാളികൾ ചെന്നൈയിൽ എത്തിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ മിനുട്ട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ തീരുമാനങ്ങൾ ആകെ തിരുത്തിയാണ് അന്ന് ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന ജയശ്രീ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വര്‍ണപാളികൾ കൊടുത്തുവിടാൻ ഉത്തരവിറക്കിയത്.
2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് സ്വർണപാളി നിറം മങ്ങിയെന്നും നവീകരിക്കണമെന്നും നിർദേശിച്ചത്. തുടർന്ന് മുരാരി ബാബുവും തിരുവാഭരണ കമ്മീഷണറായിരുന്ന കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് എന്നിവർ ചേർന്നാണ് സ്വർണപ്പാളി ചെമ്പ് പാളിയെന്ന് രേഖയുണ്ടാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ വിവരം.
ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിൽ തിരിമറി നടന്നിട്ടുണ്ട് എന്ന വിജിലൻസ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ആഴ്ചകൾകൊണ്ട് പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ചകൾ കൂടുമ്പോൾ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘം മറ്റാർക്കും റിപ്പോർട്ടുകൾ കൈമാറേണ്ടതില്ലെന്നും കോടതി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേര്‍ത്തു. മാധ്യമങ്ങളോട് കേസിലുൾപ്പെട്ടവർ സംസാരിക്കരുതെന്നും തെറ്റായ വർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.










0 comments