യുഡിഎഫ് ഭരണത്തിൽ ജയിലിലും ആർഎസ്‌എസ് അരുംകൊല

കൊല്ലപ്പെട്ട രവീന്ദ്രൻ, പിടിയിലായ രാഗേഷ് (അന്നും ഇന്നും)
ബിജു കാർത്തിക്
Published on Aug 19, 2026, 07:19 AM | 2 min read
കണ്ണൂർ: കേരള ചരിത്രത്തിൽ ആർഎസ്‌എസ് നടത്തിയ കൊലപാതകങ്ങൾക്ക് കൈയുംകണക്കുമില്ലെങ്കിലും സിപിഐ എം പ്രവർത്തകൻ കല്ലുപുരയ്ക്കൽ രവീന്ദ്രനെ കൊലപ്പെടുത്തിയത് അവയിൽനിന്നെല്ലാം വ്യത്യസ്‌തമാണ്. തടവുകാരായ ആർഎസ്‌എസുകാർ കണ്ണൂർ സെൻട്രൽ ജയിലിൽ ആയുധങ്ങളുമായി സംഘടിച്ചെത്തി നടത്തിയ കൊലപാതകമായിരുന്നു അത്.
എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എല്ലാതലത്തിലും അനുകൂലമായ പശ്ചാത്തലമൊരുക്കി ആർഎസ്എസ് അക്രമവും കൊലയും നടത്തിയത്. മാരകായുധങ്ങളുമായി അക്രമികൾ മറ്റൊരു ബ്ലോക്കിലേക്ക് ഇരച്ചുകയറുന്നത് കണ്ടിട്ടും ജയിലധികൃതർ തടഞ്ഞില്ല.
നാദാപുരം കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കുമാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട രവീന്ദ്രൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയിട്ട് നാലുമാസമേ ആയിരുന്നുള്ളൂ. നാട്ടിൽ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം കൃഷിയുമായി കഴിയവേയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. അപ്പീലിൽ രവീന്ദ്രൻ കുറ്റവിമുക്തനാകും എന്നതിനാലാണ് ജയിലിൽ അദ്ദേഹത്തെ വധിക്കാൻ ആർഎസ്എസ് തീരുമാനിച്ചത്.
അമ്പലക്കുളങ്ങര കുമാരൻ വധക്കേസിലെ അഞ്ചാം സാക്ഷിയായിരുന്ന കക്കട്ടിലെ കുമാരനായിരുന്നു ഇതിനായി നിയോഗിക്കപ്പെട്ടയാൾ.
അതിനായി ചെക്കുകേസിൽ ശിക്ഷിക്കപ്പെട്ടെത്തിയ കുമാരനെ, രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലം തടവനുഭവിക്കുന്ന ആർഎസ്എസുകാരെ പാർപ്പിക്കുന്ന എട്ടാം ബ്ലോക്കിലേക്ക് മാറ്റാൻ ബിജെപി നേതൃത്വത്തിന് യുഡിഎഫ് സർക്കാർ സഹായം നൽകി. ആർഎസ്എസ് ശാഖ മാതൃകയിൽ കവാത്തും ഡ്രില്ലും ആയുധപരിശീലനവും അവിടെ പതിവായിട്ടും ജയിൽ അധികൃതർ തടഞ്ഞില്ല. ആയുധശേഖരണവും പരിശീലനവും നടത്തിയവർ ബ്ലോക്കിലെ ഒരുമുറി ആയുധപ്പുരയാക്കി. സംഭരിച്ച ആയുധങ്ങളും വേലിയിൽനിന്ന് പിഴുതെടുത്ത ഇരുന്പുപട്ട, ഇരുമ്പുവടി, മരവടി എന്നിവയുമായി അരക്കിലോമീറ്റർ മാർച്ച് ചെയ്‌താണ് സിപിഐ എം പ്രവർത്തകരും അനുഭാവികളുമായ തടവുകാരെ പാർപ്പിച്ച ഏഴാം ബ്ലോക്കിലേക്ക് അക്രമിക്കാനെത്തിയത്.
രവീന്ദ്രന്റെ തലയിൽ വെട്ടേറ്റ് തലച്ചോർ പുറത്തുവന്നനിലയിലായിരുന്നു. 20 സെന്റി മീറ്റർ നീളവും ഏഴ് സെന്റിമീറ്റർ ആഴവുമുള്ള ഒരു മുറിവും 10 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ ആഴവുമുള്ള മറ്റൊരു മുറിവുമായിരുന്നു തലയിൽ ഉണ്ടായിരുന്നത്. മൂർച്ചയേറിയ ആയുധംകൊണ്ടുള്ള വെട്ടേറ്റ് ഒരു ലിറ്ററോളം രക്തം വാർന്നുപോയി. ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ശിക്ഷിക്കപ്പെട്ട പ്രതികൾ
സെൻട്രൽ പൊയിലൂർ എച്ചിലാട്ട് ചാലിൽ പവിത്രൻ, തൃശൂർ വാടാനപ്പള്ളി തമ്പാൻകടവ് കാഞ്ഞിരത്തിങ്കൽ ഫൽഗുനൻ, സെൻട്രൽ പൊയിലൂർ കുഞ്ഞിപ്പറമ്പത്ത് രഘു, മാറാട് അരക്കിണർ ഭദ്രാ നിവാസിൽ സനൽപ്രസാദ്, കൂത്തുപറമ്പ് നരവൂർ പി കെ ദിനേശൻ (പേട്ട ദിനേശൻ), മൊകേരി കുനിയിൽ കോളയത്താൻ കൊട്ടക്ക ശശി, കൂത്തുപറമ്പ് കൊയപ്രൻ വീട്ടിൽ അനിൽകുമാർ, സെൻട്രൽ പൊയിലൂർ തരശ്ശിയിൽ സുനി, ബാലുശേരി കണ്ണാടിപ്പൊയിൽ പി വി അശോകൻ.










0 comments