'കലയ്ക്കും സംഗീതത്തിനും ജാതിയും മതവും നിശ്ചയിക്കുന്ന സംഘപരിവാർ നീക്കം പ്രതിരോധിക്കണം'

നന്ദഗോവിന്ദം ഭജൻസ് (Photo Credit - Facebook/Nandagovindam Bhajans)
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ആക്ഷേപവുമായെത്തിയ സംഘപരിവാറിനെതിരെ ഡിവൈഎഫ്ഐ. സംഘപരിവാർ നേതൃത്വത്തിൽ നന്ദഗോവിന്ദം ഭജൻസിനെതിരായി നടക്കുന്ന വിദ്വേഷ പ്രചരണം അപലപനീയമാണെന്നും കലയ്ക്കും സംഗീതത്തിനും ജാതിയും മതവും നിശ്ചയിക്കുന്ന സംഘപരിവാർ നീക്കം പ്രതിരോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നാനാ ജാതി മതസ്ഥർ ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവ പരിപാടിയിലെ ക്രിസ്‌ത്രീയ ഭക്തിഗാനാലാപനത്തിനെതിരെ കെ പി ശശികല അടക്കമുള്ള സംഘപരിവാറിന്റെ വർഗീയ വിഷപ്പാമ്പുകൾ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുവാൻ വേണ്ടി ബോധപൂർവ്വമായ പ്രചരണം നടത്തുകയാണ്. ക്ഷേത്ര കമ്മിറ്റി അടക്കം ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.
ഇത്തരം ഉത്സവപ്പറമ്പുകളിൽ നടന്ന നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളും മറ്റു കലാപരിപാടികളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയ കേരളത്തിൻ്റെ മതേതര മനസ്സിനെ മുറിപ്പെടുത്താൻ ഒരു വർഗീയ ശക്തികളെയും അനുവദിക്കില്ല. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ക്ഷേത്രപരിപാടിയെയും ആ ദേശത്തെയും മുറിപ്പെടുത്താനും വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ആ നാട് ഒറ്റക്കെട്ടായി നേരിട്ടു എന്നതാണ് കേരളത്തിൻ്റെ യഥാർത്ഥ കഥ.
നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം നാടിൻ്റെ ഐക്യവും മതനിരപേക്ഷതയും തകർക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ഭാഗമാണ്. ഇതിനെ കേരളം എതിർത്തു തോൽപ്പിക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.










0 comments