ജനങ്ങൾക്ക് വേണ്ടതെല്ലാം കട്ട്; മന്ത്രിമാർ കോടികൾ ചെലവിട്ട് കറക്കം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് നാലുമാസം കൊണ്ട് എല്ലാം നഷ്ടപ്പെട്ട് ജനം നട്ടംതിരിയുമ്പോൾ കോടികൾ ചെലവഴിച്ച് മന്ത്രിമാർ കറങ്ങി നടക്കുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി സി വിഷ്‌ണുനാഥ്, ഒ ജെ ജെനീഷ്, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ, മോൻസ് ജോസഫ് എന്നിവർ വിദേശത്ത് ഉല്ലാസയാത്ര നടത്തിയപ്പോൾ വെളിച്ചവും ജീവിതമാർഗ്ഗങ്ങളും ഇല്ലാതെ ഇരുളിലാണ് കേരളം.
ആശുപത്രികളിൽ ആവശ്യമരുന്നുകളില്ല, ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായമില്ല, ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടി, കെഎസ്ആർടിസി കടക്കെണിയിലായി, കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നില്ല. ഇങ്ങനെ യുഡിഎഫ് ഭരണത്തിൽ എല്ലാ മേഖലയും തകർന്നടിയുമ്പോൾ മന്ത്രിമാർ സ്വകാര്യ വിദേശ സന്ദർശനത്തിലും ആഘോഷങ്ങളിലുമാണ്.
സുഹൃത്തിന്റേത് എന്ന പേരിൽ റേഞ്ച് റോവർ അടക്കമുള്ള വാഹനങ്ങളിൽ കറങ്ങാനും വിമാനയാത്രയുടെ പേരിൽ ലക്ഷങ്ങൾ പൊടിക്കാനും ക്ലിഫ് ഹൗസടക്കം മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാനും മുഖ്യമന്ത്രിക്ക് ഹെലിക്കോപ്റ്ററിലും ചാർട്ടേഡ് വിമാനത്തിലും നാട് ചുറ്റാനും ബന്ധുക്കൾക്കായി അനധികൃത നിയമനങ്ങൾ നടത്താനുമൊക്കെ തിടുക്കം കൂട്ടുന്നവർ സാധാരണക്കാരന്റെ ദുഖം കാണാതെ പോവുകയാണ്. കേവലം 120 ദിവസം കൊണ്ട് ജനങ്ങളെ ദുരിതക്കയത്തിലേക്കാണ് സർക്കാർ തള്ളിയിട്ടത്.
ജനം ഇരുട്ടിൽ തന്നെ
യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ കേരളം ഇരുട്ടിലാണ്. അപ്രതീക്ഷിത പവർകട്ടിൽ ജനങ്ങളാകെ സർക്കാരിനെതിരെ വിമർശനവുമായി വന്നതിന് പിന്നാലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി തട്ടിപ്പിനാണ് ശ്രമം. കേരളത്തിലെമ്പാടും ഇപ്പോൾ ദിവസം മൂന്നും നാലും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. വൈകിട്ട് 06.15 മുതൽ രാത്രി 12:45 വരെയാണ് പ്രഖ്യാപിത നിയന്ത്രണം. എന്നാൽ അതിനുശേഷവും പലയിടത്തും മുടങ്ങുന്നു. ഒന്നര മണിക്കൂർ എന്ന് പറഞ്ഞിട്ട് രണ്ട് മണിക്കൂറിലേറെയാണ് ഇരുട്ടിലാക്കുന്നത്.
മരുന്നില്ലാതെ ആശുപത്രികൾ
സർക്കാർ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും ആവശ്യമരുന്നുകളില്ല. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അത്യാവശ്യ മരുന്നുകളുടെയും ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ ഗുളികകളുടെയും സ്‌റ്റോക്ക് പൂർണമായി തീർന്നു. കുഞ്ഞുങ്ങൾക്കുള്ള വിറ്റമിൻ എ വിതരണം മുടങ്ങിയിട്ട് രണ്ടുമാസത്തിലേറെയായി. പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുൾപ്പെടെ സ്ഥിതി സമാനമാണ്. സ്വകാര്യ മേഖലയ്ക്ക് വേണ്ടി മരുന്ന് ക്ഷാമവും മറ്റു പ്രതിസന്ധികളും ആരോഗ്യ രംഗത്ത് സർക്കാർ മനപ്പൂർവ്വം സൃഷ്ടിക്കുകയാണെന്ന് പരാതിയുണ്ട്.
ക്ഷേമ പെൻഷൻ അട്ടിമറിച്ചു
യുഡിഎഫ് സർക്കാർ സാധാരണക്കാരന് കൈത്താങ്ങായ സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുകയാണ്. ഏത് വിധത്തിലും സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ക്ഷേമ പെൻഷൻ സഹകരണ ബാങ്കുവഴി വീട്ടിലെത്തിക്കുന്ന സംവിധാനം നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെ പെൻഷൻ മസ്‌റ്ററിങ്ങിന്റെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് പേരെ പുറത്താക്കുകയാണ്.
അടിയന്തര ധനസഹായം ഉടനൊന്നുമില്ല
കാലവർഷക്കെടുതിയും മറ്റു ദുരന്തങ്ങൾക്കും ഇരയായവർക്ക് അടിയന്തര ധനസഹായം പോലും നൽകാതെ കൈയൊഴിയുകയാണ്. കാലവർഷക്കെടുതിയുണ്ടായി ഒന്നരമാസം പിന്നിട്ടിട്ടും സർക്കാർ ധനസഹായം അനുവദിച്ചിട്ടില്ല. ദുരിതാശ്വാസത്തിന് അപേക്ഷ നൽകാനുള്ള ഫോംപോലും പലയിടത്തും എത്തിച്ചിട്ടില്ല.
കുടുംബശ്രീയെ തകർത്തു
കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ആക്കംകൂട്ടി ജനകീയ ഹോട്ടലുകളെയും ശ്വാസംമുട്ടിക്കുകയാണ്. സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതോടെ പൊതുവിപണിയിൽനിന്ന് കൂടിയവിലയ്‌ക്ക് അരി വാങ്ങാനാകാതെ പ്രതിസന്ധിയിലാണ് ജനകീയ ഹോട്ടലുകൾ. ഇതിനകം അറുനൂറോളം ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടി. ഇവയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരത്തിലേറെ സ്‌ത്രീകൾ പെരുവഴിയിലായി.
കെഎസ്ആർടിസിയെ പെരുവഴയിലാക്കി
സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാപദ്ധതിയുടെ പേരിൽ കെഎസ്ആർടിസിയെ പെരുവഴിയിലാക്കി. ഡീസൽ അടിക്കാൻപോലും പണമില്ലാതെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറക്കുകയാണ്.
വന്യമൃഗ ആക്രമണവും തുടർക്കഥ
മലയോര മേഖലകളിൽ വന്യമൃഗ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇടുക്കി, കാലടി, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് തുടങ്ങിയ ജില്ലകളിൽ തോട്ടം തൊഴിലാളികൾ നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാവുകയാണ്. സർക്കാർ നിഷ്‌ക്രിയമായതോടെ നിരവധി പേർക്കാണ് ഈ മേഖലയിൽ ജീവൻ നഷ്ടമായത്.
കർഷകരെയും കൈയൊഴിഞ്ഞു
സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്നതിൽ ഗുരുതര അനാസ്ഥ തുടരുകയാണ്. കർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ് ബാങ്കുകളിൽ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തി. ഇതോടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച രണ്ടാം വിള നെല്ലിന്റെ വില വിതരണം മുടങ്ങി.
യൂണിഫോം പോലും നൽകിയില്ല
ഓണാവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നിട്ടും സർക്കാർ സ്‌കൂളിലെ സൗജന്യ യൂണിഫോം വിതരണം പൂർത്തിയാക്കിയിട്ടില്ല. മിക്ക സ്കൂളുകളിലും ആവശ്യത്തിന് തുണിയോ അർഹമായ ഫണ്ടോ ലഭ്യമാക്കാത്തതാണ് വിതരണം വൈകാൻ കാരണം. അധ്യയനവർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ഏഴ്, എട്ട് ക്ലസുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി നൽകുന്ന സ്‌പെഷ്യൽ അലവൻസ് വിതരണവും പൂർത്തിയാക്കിയില്ല. ഓൺലൈനായി കുട്ടികളുടെ വിവരങ്ങളും ആവശ്യമായ അളവും മുൻകൂട്ടി ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടും വിതരണം മന്ദഗതിയിലാണ്.









0 comments