മാണി സി കാപ്പനെ അയോഗ്യനാക്കണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ചെക്ക് കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നും മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമീഷനും കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെതാണ് നടപടി. ഹർജിയിൽ സ്പീക്കറുടെ ഓഫീസും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നാല് ചെക്കുകേസുകളിൽ മഹാരാഷ്‌ട്രയിലെ ബോറിവാലി മജിസ്ട്രേട്ട് കോടതി മാണി സി കാപ്പനെ മൂന്നരവർഷം തടവിനും 5.30 കോടി രൂപ പിഴയ്‌ക്കും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരനായ മലയാളി വ്യവസായി ദിനേഷ് മേനോൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
മാണി സി കാപ്പനെ ശിക്ഷിച്ചുള്ള വിധി വന്നതിന് പിന്നാലെ, ഹർജിക്കാരൻ സ്പീക്കർക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കണ്ണൂർ വിമാനത്താവള കന്പനിയിൽ ഓഹരി നൽകാമെന്നുപറഞ്ഞ് ദിനേശ് മേനോനിൽനിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്നും പരാതി ഉയർന്നപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്നുമാണ് കേസ്.









0 comments