പാലിയേക്കര കഞ്ചാവ് വേട്ട: പിടിയിലായവര്‍ സ്ഥിരം ക്രിമിനലുകള്‍

പാലിയേക്കര : ദേശീയപാത പാലിയേക്കരയിൽ തൃശൂർ റൂറൽ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനലുകളും കൊലപാതക കേസിലെ പ്രതിയുമുൾപ്പടെ നാലുപേർ പിടിയിൽ. ലോറി കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ദേശീയപാതയിൽ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്.
ആലുവ കരിമാലൂർ ആലങ്ങാട് സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്ലിന്‍ ( 25 ), പള്ളത്ത് വീട്ടില്‍ താരിസ് (36 ), പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ ഷിജോ ( കിങ്ങിണി, 31 ), പാലക്കാട് ചെര്‍പ്പുളശ്ശേരി തൃക്കടീരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ (30 ) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർചെ 4.30 ഓടെയാണ് സംഭവം. ഒഡീഷയില്‍ നിന്നും ലോറിയില്‍ രഹസ്യമായി കടത്തിക്കൊണ്ട് മധ്യ കേരളത്തിലേക്ക് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത്. കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായവര്‍.
ലോറിയില്‍ ചാക്കുകളില്‍ നിറച്ച് ടാർപോളിൻ കൊണ്ട് മൂടിയ നിലയിലായിരുന്നു. കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തു. ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
പിടിയിലായവർ സ്ഥിരം ക്രിമിനലുകൾ
ആലുവയില്‍ ഒരാളെ വെട്ടിക്കൊന്ന കേസിലും ചാലക്കുടി പുഴപ്പാലത്തിൽ ബംഗളൂരുവിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാർ യാത്രികരെ കുഴൽപ്പണക്കടത്ത് സംഘമെന്ന് തെറ്റിദ്ധരിച്ച് കാർതടഞ്ഞ് തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദിച്ച് വഴിയിലുപേക്ഷിച്ച കേസുൾപ്പെടെ പതിനാറോളം കേസുകളില്‍ പ്രതിയാണ് താരിസ്. ഇയാൾ ലോറി ഓടിച്ചു പോകുന്നതായി കണ്ട് ഒരാഴ്ചയോളം രഹസ്യമായി നിരീക്ഷിച്ചതിൻ്റെ ഫലമാണ് വൻതോതിൽ കഞ്ചാവ് പിടികൂടാൻ ഇടയായത്.
ചാലക്കുടി ഹൈവേ റോബറി കേസിൽ താരിസിൻ്റെ കൂട്ടുപ്രതിയാണ് ആഷ്ലിൻ, വിവിധ ജില്ലകളിലായി ആറ് ലഹരി മരുന്ന് കടത്തു കേസുകളിലും ആളൂരില്‍ എടിഎം കുത്തിപൊളിച്ച കേസു മടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് ഷിജോ .
പിടിയിലായ ജാബിർ മലപ്പുറം എക്സൈസ് വണ്ടൂരിൽ നിന്ന് 167.5 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിലെ വിചാരണ പൂർത്തിയാക്കി മഞ്ചേരി കോടതി കേസിലെ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി പ്രസ്താവിക്കുന്നതിന് തലേ ദിവസം ജാബിർ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ ജാബിറിനെ മഞ്ചേരി കോടതി 30 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.









0 comments