എംഎസ്‌സി എൽസ കപ്പൽ തകർന്നിട്ട് ഒരുവർഷം; ശേഖരിച്ചത് 412 ടൺ പ്ലാസ്റ്റിക് പെല്ലറ്റ്

കൊല്ലം : ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ–3 തകർന്നിട്ട് ശനിയാഴ്ച ഒരു വർഷം. കപ്പലിൽനിന്ന് കടലിൽ വീണതിൽ 412 ടൺ പ്ലാസ്റ്റിക് പെല്ലറ്റ് (നർഡിൽസ്) ഒരുവർഷത്തിനിടെ ശേഖരിച്ചു. മുംബൈ ആസ്ഥാനമായ ‘മെർക്ക്’ സാൽവേജ് ഓപ്പറേഷൻ കമ്പനിക്കായിരുന്നു കപ്പൽക്കമ്പനി തീരദേശ ശുചീകരണത്തിന്റെ കരാർ. കൊല്ലം, തിരുവനന്തപുരം, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിലായി 421 വളന്റിയർമാർ ശുചീകരണത്തിൽ പങ്കാളികളായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു, അഗ്‌നിരക്ഷാ, പൊലീസ് സേനകൾക്കായിരുന്നു തീരശുചീകരണത്തിന്റെ മേൽനോട്ടച്ചുമതല. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് ടീമും ആപ്ത മിത്ര ടീം അംഗങ്ങളും ചേർന്നാണ് തീരം വൃത്തിയാക്കലും നർഡിൽസ് ശേഖരണവും നടത്തിയത്. കൊല്ലം തീരത്തുനിന്നു മാത്രം 42 ടൺ നർഡിൽസ് ലഭിച്ചു. ഇൗ മാസം ആദ്യം ശേഖരണം അവസാനിപ്പിച്ചു.
കപ്പലിൽ നിന്നുള്ള പ്ലാസ്‌റ്റിക്ക് പെല്ലറ്റുകൾ തീരത്ത് അടിഞ്ഞ നിലയിൽ. മയ്യനാട് തീരത്ത് നിന്നുള്ള ദൃശ്യം (ഫയൽ ഫോട്ടോ)
ആലപ്പുഴ തോട്ടപ്പള്ളി തീരത്തോടുചേർന്ന് 2025 മെയ് 24നാണ് കപ്പൽ മുങ്ങിയത്. 29 മുതൽ തീരശുചീകരണം തുടങ്ങി. ആദ്യഘട്ടത്തിൽ കൊല്ലം തീരത്ത് 80–85 സിവിൽ ഡിഫൻസ് പ്രവർത്തകർ ഭാഗമായി. കാപ്പിൽ, പൊഴിക്കര, താന്നി, മയ്യനാട്, ആലപ്പാട് തുടങ്ങിയ തീരപ്രദേശങ്ങളിലായിരുന്നു നർഡിൽസ് കൂടുതൽ അടിഞ്ഞത്. രണ്ട് ലോഡ് തേക്കിൻതടി, 985 തടി ബ്ലോക്കുകൾ, 109 കോട്ടൻ ബണ്ടിലുകൾ, 333കോട്ടൺ റോൾ, 56 പേപ്പർ റോൾ, 42 കണ്ടയ്‌നർ സ്‌ക്രാപ്പ് എന്നിവയും ലഭിച്ചു.
പ്ലാസ്റ്റിക് കണങ്ങൾ ഉടനടി നീക്കണം
എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെത്തുടർന്ന് തീരത്തും കടലിലുമായി അടിഞ്ഞുകൂടിയ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ പൂർണമായി നീക്കംചെയ്യണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ ഈ ചെറിയ കണങ്ങൾ കടൽജീവികൾ ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നതിനും കാരണമാകും. കടലിന്റെ സ്വഭാവവും തീരത്തിന്റെ ഒഴുക്കും നന്നായി അറിയുന്ന മത്സ്യത്തൊഴിലാളികളെതന്നെ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് നിയോഗിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് പറഞ്ഞു.











0 comments