print edition ‘ഓഷ്യാനസ് ചാലിയം’ മനോഹര തീരം

ഓഷ്യാനസ് ചാലിയം
മനാഫ് താഴത്ത്
Published on Apr 02, 2026, 12:00 AM | 1 min read
ബേപ്പൂർ: അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ചരിത്രമുറങ്ങുന്ന തീരമാണ് ചാലിയം. അവിടെയിന്ന് ചരിത്രത്തിനൊപ്പം സഞ്ചാരികളുടെ ആരവവും അലയടിക്കുന്നു. വിനോദ സഞ്ചാരവകുപ്പ് 9.25 കോടി ചെലവിൽ നിർമിച്ച ‘ഓഷ്യാനസ് ചാലിയം’ കാണാനെത്തുന്നത് ജില്ലയ്‌ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനാളുകളാണ്. മാതൃകാ ബീച്ച് ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ച ഇവിടെനിന്ന് ബേപ്പൂർ തുറമുഖത്തേക്കുള്ള കപ്പലുകളുടെയും ഉരുക്കളുടെയും പോക്കുവരവും സൂര്യാസ്തമയവും ആസ്വദിക്കാം.
പുൽക്കാടുകളും മാലിന്യവും മരത്തടികളും നിറഞ്ഞ് ആളുകൾ എത്താൻ മടിച്ച തീരമാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസംവകുപ്പിന്റെ ഇച്ഛാശക്തിയിൽ പുതുമോടിയണിഞ്ഞത്. ചാലിയാർ അറബിക്കടലുമായി ചേരുന്ന ബേപ്പൂർ ചാലിയം അഴിമുഖത്തിന്റെ തെക്കുഭാഗത്തെ ഒരു കിലോമീറ്റർ നീളത്തിൽ കടലിനൊപ്പം സഞ്ചരിക്കാവുന്ന പുലിമുട്ട് നടപ്പാതയോട് ചേർന്നാണ് മാതൃകാ പദ്ധതി. വിശാലമായ തീരത്ത് പൂട്ടുകട്ട പാകിയ ബീച്ച് യാർഡിൽ അലങ്കാര വെളിച്ചവും ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ഫുഡ് കഫെകളുമുണ്ട്. 14 ബാംബു കിയോസ്കുകൾ, ബാംബൂ റെസ്റ്റോറന്റ്, കണ്ടയ്നർ ടോയ്‌ലറ്റ് ബ്ലോക്ക്, 26 ബീച്ച് അംബ്രല്ലകൾ,10 ബാംബു ചെയറുകൾ, വാച്ച് ടവർ എന്നിവയും വർണവെളിച്ചമുള്ള ആർച്ച് കവാടവും ഒരുക്കിയിട്ടുണ്ട്. സമീപത്തായി ചാലിയം ലൈറ്റ് ഹൗസും.









0 comments