ad
Deshabhimani

കൊച്ചി സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്‌പോണ്‍സര്‍ക്ക് നല്‍കിയിട്ടില്ല

Kochi JNI Stadium
വെബ് ഡെസ്ക്

Published on Oct 27, 2025, 09:42 PM | 1 min read

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശന തീയതിയിൽ മാറ്റം വന്നതിനെ തുടര്‍ന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന തരത്തില്‍ നടത്തുന്ന പ്രചരണം ദുരുദ്ദേശ്യപരമാണ്. നവംബര്‍ 30 കഴിഞ്ഞ് സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്‌പോണ്‍സര്‍ക്ക് നല്‍കിയിട്ടില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ തുടര്‍ന്ന് നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ഉപയോഗിക്കാം. ജിസിഡിഎയ്ക്കോ സര്‍ക്കാരിനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുകയും ചെയ്യും.


സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. ആദ്യം സ്‌പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ നിശ്ചയിച്ചു. അവര്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാറിലേര്‍പ്പെട്ടു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അര്‍ജന്റീന ടീമിന്റെ സന്ദർശനം മുടക്കാനും ശ്രമിച്ചു

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ അപമാനമാണ്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിന്മേല്‍ വിശദീകരണം തേടി മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മാധ്യമ ഗുണ്ടായിസമാണ്. കര്‍ണാടകയിലെ ഭൂമി കുംഭകോണം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കായിക പ്രേമികള്‍ക്ക് അര്‍ജന്റീനയുടെ മത്സരം കാണാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഫിഫ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home