ഡോക്ടർമാരും ജീവനക്കാരുമില്ല; പ്രവർത്തനം താളംതെറ്റി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി

സ്വന്തം ലേഖിക
Published on Jun 28, 2026, 11:03 AM | 1 min read
കൊല്ലം : ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ താളംതെറ്റി കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെ അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താത്തതിനാൽ റഫറൽ മാത്രമാണ് നടക്കുന്നത്. അപകടങ്ങളിൽ പരിക്കേറ്റവർ ഉൾപ്പെടെ അത്യാഹിതവിഭാഗത്തിൽ നിത്യവും എത്തുന്നത് നൂറുകണക്കിന് രോഗികളാണ്. പരിക്കേറ്റ് എത്തുന്നവരെയും ഹൃദ്രോഗികളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് റഫർ ചെയ്യുകയാണ്. 2017ൽ എംബിബിഎസ് പഠനം ആരംഭിച്ചശേഷം 29 ഫാക്കൽറ്റിയെ മാത്രമാണ് നിയമിച്ചത്.
കാത്ത്‌ലാബ് പ്രവർത്തനം 24മണിക്കൂറും ഇല്ലാത്തത് ഹൃദ്രോഗികൾക്കു വലിയ ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്‌നത്താൽ പലരും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിൽ അഭയം പ്രാപിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ നിരവധി കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ പലതും അടഞ്ഞുകിടക്കുകയാണ്. മെഡിക്കൽ കോളേജ് ആരംഭിച്ച സമയത്തെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും.
ജീവനക്കാരുടെ കുറവുകാരണം പകുതിയോളം വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന നഴ്സുമാരുടെയും സീനിയർ റസിഡന്റുമാരുടെയും തസ്‌തികകൾ നികത്തിയാൽ വാർഡുകൾ തുറന്ന് പ്രവർത്തിക്കാനാകും. ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാർ ഉണ്ടെങ്കിലും അനുബന്ധ ജീവനക്കാർ ഇല്ലാത്തതിനാൽ ആഴ്‌ചയിൽ രണ്ടു ദിവസം മാത്രമാണ് ഒപി പ്രവർത്തനം.
ഇരുപത്തിനാലുകോടി രൂപ ചെലവിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കണമെങ്കിൽ തസ്‌തികകൾ സൃഷ്ടിക്കണം. കാസർകോട്, മഞ്ചേരി ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും കൊല്ലത്തിന് ആവശ്യമായത് ഒന്നുമുണ്ടായില്ല.











0 comments