ad
Deshabhimani

പുറ്റിങ്ങൽ സ്ഫോടനം; 1082.5 കിലോ സ്‌ഫോടകവസ്‌തു പാറമടയിൽ നിർവീര്യമാക്കിയെന്ന്‌ സാക്ഷിമൊഴി

Puttingal Blast
avatar
സ്വന്തം ലേഖിക

Published on Jun 28, 2026, 12:13 PM | 1 min read

കൊല്ലം : പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട്‌ അപകടത്തെ തുടർന്ന്‌ പൊട്ടാതെ അവശേഷിച്ച 1082.5 കിലോഗ്രാം സ്‌ഫോടകവസ്‌തു പാറമടയിൽ കൊണ്ടുപോയി നിർവീര്യമാക്കിയതായി സാക്ഷിമൊഴി. കേസിലെ അഞ്ചും ആറും സാക്ഷികളായ ബോംബ്‌ സ്‌ക്വാഡ്‌ ഗ്രേഡ്‌ എസ്‌ഐ രാമരാജ്‌, പരവൂർ സ്റ്റേഷൻ ഗ്രേഡ്‌ എസ്‌ഐ ആന്റണി എന്നിവരാണ്‌ പ്രത്യേക കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എം സി ആന്റണി മുമ്പാകെ മൊഴി നൽകിയത്‌.


മത്സരക്കമ്പത്തിനായി ക്ഷേത്രത്തിന്‌ സമീപം മിനിലോറിയിൽ സൂക്ഷിച്ചിരുന്നതും അപകടശേഷം പൊട്ടാതെ കിടന്നതുമായ 245കിലോ സ്‌ഫോടകവസ്‌തുക്കൾ എക്‌സ്‌പ്ലോസീവ്‌ ഡെപ്യൂട്ടി ഡയറക്ടറോടൊപ്പം അളന്നുതിട്ടപ്പെടുത്തി. തുടർന്ന്‌ കുടവട്ടൂരിലെ പാറമടയിൽ കൊണ്ടുപോയി നിർവീര്യമാക്കിയതായും രാമരാജു മൊഴിനൽകി. സ്‌ഫോടനത്തിൽ ക്ഷേത്രത്തിലെ തെക്കുഭാഗത്തെ കമ്പപ്പുരയും മറ്റ് കെട്ടിടങ്ങളും പൂർണമായും തകർന്നു. പുറകിലുള്ള കൊട്ടാരം കെട്ടിടത്തിന്റെ വാതിലുകൾക്കും മേൽക്കൂരകൾക്കും സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിന്റെ തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളിൽ മനുഷ്യശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതും കണ്ടു.


അമ്പലത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തും കത്താതെ കിടന്ന സ്‌ഫോടകവസ്‌തുക്കളും തകർന്ന കമ്പപ്പുരയ്ക്ക് സമീപം പൊട്ടാതെ അവശേഷിച്ചവയും അളന്ന്‌ തിട്ടപ്പെടുത്തി മഹസർ തയ്യാറാക്കി. ക്ഷേത്രത്തിൽനിന്ന്‌ 300 മീറ്റർ അകലെ ശാർക്കര ദേവീക്ഷേത്രമൈതാനത്ത്‌ മൂന്ന്‌ വാഹനങ്ങളിലും പരിസരത്തും സൂക്ഷിച്ചിരുന്ന ‌847 കിലോ ഗ്രാം സ്‌ഫോടക വസ്‌തുക്കൾ എസ്ഐ ആന്റണിയോടൊപ്പം തിട്ടപ്പെടുത്തി മഹസർ തയ്യാറാക്കിയതായി രാമരാജു മൊഴി നൽകി. ഇവ എക്സ്പ്ലോസീവ്‌സ്‌ ഡെപ്യൂട്ടി കൺട്രോളർ സ്കന്ദസാമിയുടെ സാന്നിധ്യത്തിൽ ക്വാറിയിൽ കൊണ്ടുപോയി നിർവീര്യമാക്കി. കേസിലെ 10 മുതൽ 12വരെ സാക്ഷികളെ ജൂലൈ നാലിന്‌ വിസ്‌തരിക്കും. എക്‌സ്‌പ്ലോസീവ്‌സ്‌ ഡെപ്യൂട്ടി കൺട്രോളർ സ്കന്ദസാമിയെ 18ന്‌ വിസ്തരിക്കും.


പ്രതിഭാഗത്തുനിന്ന്‌ അഭിഭാഷകരായ ഓച്ചിറ എൻ അനിൽകുമാർ, ജി മോഹൻ രാജ്‌, എൽ ലിന്റൻ, മരുത്തടി എസ് നവാസ്, ചിറക്കരത്താഴം സുരേഷ്‌കുമാർ എന്നിവർ ക്രോസ്‌ വിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെ‌ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home