'കൂടിയതിനല്ലല്ലോ, കുറഞ്ഞതിനല്ലേ നികുതി കുറച്ചത് '; ന്യായീകരണവുമായി കെ മുരളീധരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്‌ചയിച്ച വിവരം പുറത്തുവന്നതോടെ പ്രതിസന്ധിയിലായ യുഡിഎഫ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ന്യായീകരണവുമായി മന്ത്രി കെ മുരളീധരൻ. വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയ മദ്യത്തിന് അല്ലോല്ലോ എന്നാണ് മന്ത്രി ചോദിച്ചത്. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരികയെന്നും ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം ധനബില്ലായി പുറത്തിറങ്ങി. പ്രതിപക്ഷത്തിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധം അവഗണിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. നികുതി നിയമത്തിന്റെ വകുപ്പ് അഞ്ചിൽ ‘ഹോർട്ടി വൈൻ’ എന്നതിനുശേഷം ‘ലോ ആൾക്കഹോളിക് ബിവറേജ്’ എന്ന് കൂട്ടിച്ചേർത്താണ് നികുതിയിളവിന് നിർദേശം. ഇതോടെ ബക്കാഡിക്ക് മാത്രമല്ല, മറ്റ് കമ്പനികൾക്കും യഥേഷ്‌ടം മദ്യം വിൽക്കാനാകും. 19ന് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യത്തിന് ഇളവ് നിർദേശം അവതരിപ്പിച്ചത്.
10 ശതമാനത്തിൽത്താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10നും 20നും ഇടയ്‌ക്ക് വീര്യമുള്ളവയ്‌ക്ക് 175 ശതമാനവും വിൽപ്പനനികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനി വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. വി ഡി സതീശന്റെ ബജറ്റ് നിർദേശത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം വിവിധ മത, സാമുദായിക സംഘടനകളും കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരനും പ്രതിഷേധം അറിയിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് ധനബില്ലിലും നികുതി നിർദേശം.










0 comments