ad
Deshabhimani

ലോകകപ്പിൽ ആഫ്രിക്കൻ മുന്നേറ്റം; ഒമ്പത് ടീമുകൾ നോക്കൗട്ടിൽ

African Football Dominance.jpg
വെബ് ഡെസ്ക്

Published on Jun 28, 2026, 11:57 AM | 1 min read

ന്യൂയോർക്ക്‌: ആദ്യമായൊരു ലോക കിരീടം തേടിയുള്ള സ്വപ്‌നത്തിന്‌ പിന്നാലെയാണ്‌ ആഫ്രിക്ക. ലോക ഫുട്‌ബോളിൽ കരുത്തിന്റെ പര്യായമായ ആഫ്രിക്കയ്‌ക്ക്‌ ഒരിക്കൽപ്പോലും കിരീടമുയർത്താനായിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ സെമിവരെ കുതിച്ച മൊറോക്കോയുടെ പ്രകടനമാണ്‌ അവരുടെ ആത്മവിശ്വാസം. ഇക്കുറി പത്ത്‌ ടീമുകൾ ​ഗ്രൂപ്പിൽ മാറ്റുരച്ചപ്പോൾ ഒമ്പത് ടീമുകളും റൗണ്ട് 32ലേക്ക് യോഗ്യത നേടി. മൊറോക്കോ, ഇ‍ൗജിപ്‌ത്‌, ദക്ഷിണാഫ്രിക്ക, ഐവറി കോസ്‌റ്റ്‌, കേപ്‌ വെർദെ, സെനെഗൽ, അൾജീരിയ, കോംഗോ, ഘാന ടീമുകൾ ​യോ​ഗ്യത നേടിയപ്പോൾ ടുണീഷ്യ മാത്രമാണ് പുറത്തായത്.


1934 ലോകകപ്പിലാണ്‌ ആഫ്രിക്കയുടെ അരങ്ങേറ്റം. ഇ‍ൗജിപ്‌ത്‌ യോഗ്യത നേടി. ആദ്യ ജയത്തിനായി 1978വരെ കാത്തിരിക്കേണ്ടിവന്നു. ടുണീഷ്യ മെക്‌സിക്കോയെ കീഴടക്കുകയായിരുന്നു. രണ്ട്‌ ലോകകപ്പിനുശേഷം പ്രീ ക്വാർട്ടർവരെ മുന്നേറി മൊറോക്കോ ചരിത്രംകുറിച്ചു. ആഫ്രിക്കയുടെ ഏറ്റവും മനോഹരമായ നിമിഷം 1990ലായിരുന്നു. റോജർ മില്ലയുടെ കാമറൂൺ നിലവിലെ ചാന്പ്യൻമാരായ അർജന്റീനയെ കീഴടക്കി ക്വാർട്ടറിലേക്ക്‌ മുന്നേറിയപ്പോൾ അത്‌ ചരിത്ര നിമിഷമായി മാറി. അധിക സമയക്കളിയിൽ ഇംഗ്ലണ്ടിനോട്‌ തോറ്റാണ്‌ കുതിപ്പ്‌ അവസാനിച്ചത്‌.


2002ൽ സെനെഗലും ആ വഴി പിന്തുടർന്നു. നിലവിലെ ജേതാക്കളായ ഫ്രാൻസിനെ കെട്ടുകെട്ടിച്ചു. 2010ൽ ആദ്യമായി ആഫ്രിക്ക വേദിയായി. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഘാനയാണ്‌ മിന്നിയത്‌. ഉറുഗ്വേയുമായുള്ള ആവേശകരമായ ക്വാർട്ടർ ഫൈനൽ ഇന്നും ആരാധകർക്കിടയിൽ മങ്ങാതെ നിൽപ്പുണ്ട്‌. 12 വർഷങ്ങൾക്കിപ്പുറം മൊറോക്കോയിലൂടെയായിരുന്നു വീണ്ടും ആഫ്രിക്ക ഉദിച്ചത്‌. ബൽജിയം, സ്‌പെയ്‌ൻ, പോർച്ചുഗൽ ടീമുകളെ തോൽപ്പിച്ച്‌ സെമിയിൽ കടന്നു. ഫ്രാൻസിനോട്‌ തോറ്റായിരുന്നു മടക്കം. ലൂസേഴ്സ് ഫെെനലിൽ ക്രൊയേഷ്യയോട് തോറ്റ് നാലാം സ്ഥാനത്ത് അവസാനിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home