ad
Deshabhimani

വെനസ്വേലയെ തകർത്ത് ഭൂകമ്പം; മരണസംഖ്യ 1400 കടന്നു

venezuela earthquake image

image credit: video screenshot via times now

വെബ് ഡെസ്ക്

Published on Jun 28, 2026, 12:01 PM | 1 min read

കരാക്കസ്: ഇരട്ട ഭൂകമ്പത്തിൽ ഉലഞ്ഞ വെനസ്വേലയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 1403 പേർ മരിച്ചതായാണ് കണക്ക്. ലാ ഗ്വൈറ സംസ്ഥാനത്ത് ശനിയാഴ്ച നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ കുത്തനെ ഉയർന്നത്. ഞായറാഴ്ച പുലർച്ചെ 5.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും രാജ്യത്തുണ്ടായത് രക്ഷാപ്രവർത്തനം വീണ്ടും തടസപ്പെടുത്തി. 24നാണ് വെനസ്വേലയെ അടിമുടി ഉലച്ച് ഇരട്ടഭൂകമ്പങ്ങളുണ്ടായത്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 68,900 പേരെ കാണാതായതായി കുടുംബങ്ങൾ റിപ്പോർട്ട് ചെയ്തതായി വെനിസ്വേല സർക്കാർ അറിയിച്ചു.


തകർന്നടിഞ്ഞ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ലാ ഗ്വൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മറിഞ്ഞുവീണ കോൺക്രീറ്റ് കൂനകൾക്ക് മുകളിൽ വെറും കൈകൾ ഉപയോഗിച്ച് പ്രിയപ്പെട്ടവരെ തിരയുന്ന ജനങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അന്താരാഷ്ട്ര രക്ഷാപ്രവർത്തക സംഘങ്ങളും രാജ്യത്തെത്തി തെരച്ചിൽ ആരംഭിച്ചു.


രാജ്യത്ത് നിലനിന്നിരുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയെ ഭൂകമ്പം കൂടുതൽ വഷളാക്കി. വൈദ്യസഹായം, ശുദ്ധജലം, ഭക്ഷണം എന്നിവയുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അടിയന്തര സഹായവുമായി വെനസ്വേലയിലെത്തി. 3,360 പേർക്ക് പരിക്കേറ്റതായാണ് ഔ​ദ്യോ​ഗിക കണക്ക്. ഇത്രയും പേർക്ക് പരിക്കേറ്റതും വൈദ്യസഹായത്തിന്റെ അപര്യാപ്തതയും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. വിമാനത്താവളങ്ങൾ, ആശുപത്രികൾ, മറ്റ് അവശ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ സിമോൺ ബോൾവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പല ഭാ​ഗങ്ങളും തകർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചത് സഹായങ്ങളെത്തിക്കുന്നതിന് തടസമാകുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home