മിന്നിത്തിളങ്ങുന്ന വീട്; തുള്ളിച്ചാടി നൈസ

ടൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മ പരിശോധന പൂർത്തിയാക്കി താമസത്തിനായി ഏറ്റുവാങ്ങിയ വീടിന്റെ ഗെയ്‌റ്റിൽ കളിക്കുന്ന ചൂരൽമലയിലെ നൈസമോൾ

അജ്‌നാസ് അഹമ്മദ്
Published on May 03, 2026, 07:15 AM | 1 min read
കൽപ്പറ്റ: ഉമ്മ ജസീലയോടൊപ്പം ടൗൺഷിപ്പിലെത്തിയ കുഞ്ഞുനൈസ മിന്നിത്തിളങ്ങുന്ന വീടുകണ്ടപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. മേപ്പാടിയിൽനിന്നും ഓട്ടോയിൽ ടൗൺഷിപ്പിലെത്തിയ നാലുവയസ്സുകാരി വാഹനം നിർത്തിയ ഉടൻ പുതിയവീട്ടിലേക്ക് ഓടിക്കയറി. വാതിൽതുറന്ന് അകത്തുകയറിയപ്പോൾ അതിശയിച്ചുനിന്നു.
‘ഹായ്... ഉമ്മച്ചി... ഇതുകണ്ടോ... എന്തുരസാ നമ്മുടെവീട്. ഞാൻ ലൈറ്റിട്ട് നോക്കട്ടെ. ടാപ്പ് ആദ്യം മോള് തുറക്കുമേ. ഇൗ അലമാരയിൽ മോളെ കയറ്റി ഇരുത്തുമോ...’– പുതിയ വീടുകണ്ട സന്തോഷത്തിൽ അവൾ കിടപ്പുമുറികളിലും അടുക്കളയിലും വർക്ക് ഏരിയയിലും ഡൈനിങ്ങ് ഹാളിലും ഓടിനടന്നു. പിന്നീട്, മുറ്റത്തിറങ്ങി ഗെയ്‌റ്റിന്റെ മു-കളിൽ കയറി കുട്ടികുറുമ്പുകാണിച്ചു. പഴയ അയൽവാസികളായ സുമിഷയും കുടുംബവും തൊട്ടടുത്ത വീട്ടിലെത്തിയപ്പോൾ അങ്ങോട്ടേക്കായി ഓട്ടം. കോളിങ്ബെല്ല് അടിച്ച് ചേച്ചിയെ വിളിച്ചുവരുത്തി. ‘ചേച്ചി ഇതാട്ടോ...ഞങ്ങളെ വീട്. ചേച്ചിടെ വീട് ഇതാണോ...’– ആണെന്ന് സുമിഷ പറഞ്ഞപ്പോൾ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.
എല്ലാ സൗകര്യങ്ങളുമുള്ള വീടുലഭിച്ചതിൽ പൂർണ സംതൃപ്‌തയാണെന്ന് ഉമ്മ ജസീല പറഞ്ഞു. വാടകവീട്ടിൽ നിന്നും ഉടൻ പുതിയ വീട്ടിലേക്ക് മാറാമെന്നതാണ് കുടുംബത്തിന്റെ ആശ്വാസം. സർക്കാരിന്റെയും സുമനസുകളുടെയും സഹായത്തിൽ മേപ്പാടിയിൽ കുട്ടികുപ്പായങ്ങൾ വിൽക്കുന്ന ‘നൈസ ലിറ്റിൽ ലെക്‌സ്’ എന്ന കടയും ജസീല തുറന്നിട്ടുണ്ട്. ഉരുളിൽനിന്ന് അത്ഭുതകരമായാണ് ജസീലയും മകളും രക്ഷപ്പെട്ടത്. രണ്ടു മക്കളെയും ഭർത്താവിനെയും ദുരന്തം കവർന്നു. ഭർത്താവിന്റെ ഉപ്പയും ഉമ്മയും മരിച്ചു. വീട് അടിത്തറയടക്കം ഒലിച്ചുപോയി. ആശുപത്രിയിലെത്തി നൈസയെ താലോലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. എന്നാൽ, സഹായം വാഗ്‌ദാനം ചെയ്‌ത് മടങ്ങിയ പ്രധാനമന്ത്രി നൈസയെയും കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനവേദിയിൽവച്ച് നൈസയ്‌ക്കും പട്ടയം കൈമാറിയിരുന്നു.










0 comments