മുതലപ്പൊഴിയിലെ അപകടം: മത്സ്യത്തൊഴിലാളി പ്രവീണിന്റെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളത്തിൽനിന്ന് കായലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസിന്റെ (പ്രവീൺ, 42) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തോമസിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എൻജിനോട് ചേർന്നിരിക്കുമ്പോൾ കായലിൽ വീഴുകയായിരുന്നു. തിങ്കൾ വൈകിട്ട് 5.30ന് അഞ്ചുതെങ്ങ് സ്വദേശി ആന്റണി അൽഫോൺസിന്റെ വള്ളത്തിൽനിന്നാണ് വീണത്. മീനുമായി അഴിമുഖം കടന്ന് കായലിൽ പ്രവേശിച്ച് താഴമ്പള്ളി ലേലഹാളിൽ മീനിറക്കിയശേഷം കായലിൽ വള്ളം ഒതുക്കിയിട്ട സമയത്തായിരുന്നു അപകടം. തോമസായിരുന്നു വള്ളം ഓടിച്ചത്. ഉടൻ വലവിരിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തെത്തിയിരുന്നു.
അതേസമയം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ തുടരുകയാണ്.









0 comments