print edition ജീവനക്കാരെ വെട്ടിച്ചുരുക്കി; വയോജന കമീഷന് മരണമണി

ആരതി ബി എസ്
Published on Jun 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വയോജനങ്ങളുടെ സംരക്ഷണത്തിനായി എൽഡിഎഫ് സർക്കാർ സ്ഥാപിച്ച വയോജനകമീഷന് താഴിടാൻ നീക്കം. സെക്രട്ടറി, രജിസ്‌ട്രാർ, ഫിനാൻസ് ഓഫീസർ എന്നിവരെ നീക്കി പ്രവർത്തനം അവതാളത്തിലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. അധികാരത്തിൽ വന്നശേഷമുള്ള മാനദണ്ഡവിരുദ്ധ കൂട്ടസ്ഥലമാറ്റത്തിലാണ് ഇവരെയും നീക്കിയത്. പകരം ചുമതലക്കാരെ നിയമിക്കാതെയാണിത്.
ദിനംപ്രതി നിരവധി പരാതികളും സഹായാഭ്യർഥനകളും എത്തുന്ന കമീഷനിൽ പരിചയസമ്പന്നരായ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയിലാണ് വീണ്ടും ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കിയത്. വയോജനവകുപ്പ് രൂപീകരിച്ച് ക്ഷേമം ഉറപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച മുഖ്യമന്ത്രി വി ഡി സതീശൻതന്നെ വയോജനങ്ങൾക്ക് ലഭ്യമായിരുന്ന സഹായം ഇല്ലാതാക്കുകയാണ്. പൂർണമായി കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന എൽഡർലൈൻ ഹെൽപ് ലൈനിനുള്ള കേന്ദ്രഫണ്ട് വാങ്ങിച്ചെടുക്കുന്നതിലും യുഡി എഫ് ഉദാസീനതയാണ്. ഓഫീസിലെ ടെലിഫോൺ, വൈദ്യുതി ബിൽ എന്നിവയും മുടങ്ങി.
നേരത്തെ വൈദ്യുതി ബിൽ അടയ്‌ക്കാനുള്ള തുകയടക്കം അനുവദിച്ചതും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നതും എൽഡിഎഫ് സർക്കാരാണ്. സാമൂഹ്യനീതി വകുപ്പിനുകീഴിൽ കെ സോമപ്രസാദ് ചെയർപേഴ്‌സണായി 2025 മേയിലാണ് കമീഷൻ സ്ഥാപിച്ചത്. ഹെൽപ്‌ലൈൻ കേരളത്തിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിലാണ് മുന്പ് പ്രവർത്തിച്ചിരുന്നത്. യുഡിഎഫ് പ്രത്യേക വകുപ്പ് രൂപീകരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു. എൽഡിഎഫ് സർക്കാർ കണക്ക് കൃത്യസമയത്ത് കൈമാറിയിട്ടും കത്തയച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ല. അതിന്റെ തുടർനടപടികളിലേക്ക് ഇപ്പോൾ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് കടക്കുന്നില്ല.











0 comments