print edition സന്ധ്യയുടെ ചികിത്സാച്ചെലവ്‌ മമ്മൂട്ടി ഏറ്റെടുത്തു

mammooty
വെബ് ഡെസ്ക്

Published on Oct 30, 2025, 02:07 AM | 1 min read

ആലുവ: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടിൽ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർചികിത്സ മമ്മൂട്ടിയുടെ കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. അപകടത്തിൽ ഭർത്താവ് ബിജു മരിച്ചു. സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിയും വന്നതോടെ തുടർജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ അർബുദംബാധിച്ച്‌ കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് തുണ. ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആൻഡ്‌ ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.


ഞായർ പുലർച്ച 5.16ന് ആണ്‌ സന്ധ്യയെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർവരൂപത്തിലാക്കുകയും ചെയ്‌തെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലായി. ഇതോടെ ജീവൻ രക്ഷിക്കുന്നതിനായി ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കംചെയ്യേണ്ടി വന്നു. ഇടതുകാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ തുടർചികിത്സ ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും ചതഞ്ഞരഞ്ഞ മസിലുകൾക്ക് തുടർചികിത്സ ആവശ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home