പി കെ ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു; സംവിധാനം ബിജു നെട്ടറ

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന പി കെ ഗുരുദാസന്റെ സമരതീക്ഷ്ണമായ ജീവിതം ഡോക്യുമെന്ററിയാകുന്നു. 'സമരസഖാവ് പി കെ ഗുരുദാസൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായകൻ ബിജു നെട്ടറയാണ്.
കയർ തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് കേരള രാഷ്ട്രീയത്തിലെ ലളിതജീവിതത്തിന്റെയും പൊരുതുന്ന മനസ്സോടെയുള്ള സംഘാടനത്തിന്റെയും പ്രതീകമായി മാറിയ നേതാവാണ് പി കെ ഗുരുദാസൻ. അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരമായ പീഡനങ്ങൾ, ദീർഘകാലത്തെ ഒളിവിൽ പാർക്കൽ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയിലെയും തുടർന്ന് സിപിഐ എമ്മിലെയും നിർണ്ണായകമായ സംഘടനാ ചുമതലകൾ, തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള മികച്ച ഭരണമികവ് എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന അപൂർവ്വ ചിത്രങ്ങളും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മുതിർന്ന നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മക്കുറിപ്പുകളും ഡോക്യുമെന്ററിക്ക് കരുത്തേകുന്നു. തലമുറകൾക്ക് പകർന്നുനൽകേണ്ട കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും നേർക്കാഴ്ചയായിരിക്കും ചിത്രമെന്ന് സംവിധായകൻ ബിജു നെട്ടറ പറഞ്ഞു. ഡോക്യുമെന്ററിയുടെ നിർമ്മാണം പൂർത്തിയായി വരികയാണെന്നും ഉടൻ തന്നെ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ബാനർ - നെട്ടറ മീഡിയ പ്രൊഡക്ഷൻസ്, സ്ക്രിപ്റ്റ്, സംവിധാനം - ബിജു നെട്ടറ, നിർമാണം- പി എ സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ - കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ, ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ - പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ - പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ - ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ - ജയചന്ദ്രൻ നെടുങ്ങോലം, കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, ടെക്നിക്കൽ സപ്പോർട്ട് - അയ്മൻ ഡിജിറ്റൽ സ്റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷൻ മാനേജേഴ്സ് - ജെ വി കുറുപ്പ്, ഗോപൻ വി എസ്, സ്കെച്ചസ് - സിഗ്നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ - ശ്രീരഞ്ജ് ഗ്രാഫിക്സ്, സ്റ്റിൽസ് - ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പിആർഓ - അജയ് തുണ്ടത്തിൽ.









0 comments