Deshabhimani

മലപ്പുറത്ത് രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും: മങ്കട കടന്നമണ്ണയില്‍ ലീഗ്, വെല്‍ഫെയര്‍ സഖ്യത്തിന് തിരിച്ചടി

LDF Victory
വെബ് ഡെസ്ക്

Published on Sep 29, 2026, 11:27 AM | 2 min read

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകള്‍ മുന്നണികള്‍‌ നിലനിര്‍ത്തി. നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രണ്ടിടത്തും യുഡിഎഫ് രണ്ടിടത്തും വിജയിച്ചു. മുസ്ലിം ലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മങ്കട പഞ്ചായത്തിലെ കടന്നമണ്ണ (നാല്) വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കാലടി പഞ്ചായത്തിലെ വെറൂര്‍ (12) വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു. താനാളൂര്‍ പഞ്ചായത്തിലെ മൂലക്കല്‍ (ഒന്ന്), വേങ്ങര പഞ്ചായത്തിലെ പൂങ്കുടായ (മൂന്ന്) വാര്‍ഡുകളിലാണ് യുഡിഎഫ് വിജയം.


മങ്കട പഞ്ചായത്തിലെ കടന്നമണ്ണ (നാല്) വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാത്തുട്ടി അബ്ദുറഹിമാൻ പൂന്തോട്ടത്തില്‍ 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 634 വോട്ട് നേടി. വെല്‍ഫെയര്‍ പാര്‍ടിയുമായി ചേര്‍ന്നുള്ള മുസ്ലിം ലീഗിന്റെ അവിശുദ്ധ കൂട്ടുകെട്ടിനാണ് ജനങ്ങള്‍ മറുപടി നല്‍കിയത്. ഇവരുടെ സംയുക്ത സ്ഥാനാര്‍ഥി റസിയ പൂന്തോട്ടത്തില്‍ 585 വോട്ടിലൊതുങ്ങി. എല്‍‍ഡിഎഫിന്റെ ചക്കുപറമ്പില്‍ നസീറ വാഹനാപകടത്തില്‍ മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കാലടി പഞ്ചായത്തിലെ വെറൂര്‍ (12) വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് അഭിലാഷ് വിജയിച്ചു. ൩൪൧ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അഭിലാഷിന് 615 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി ടി പി ചിത്രന് 274 വോട്ടും യുഡിഎഫിന്റെ വി പി ദൃശ്യയ്ക്ക് 174 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് അംഗം കെ രവി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.


താനാളൂര്‍ പഞ്ചായത്തിലെ മൂലക്കല്‍ (ഒന്ന്) വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി ഒ ബുഷ്റ 488 വോട്ടിന്റെ ഭൂരപക്ഷത്തില്‍ വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സുധ രാമചന്ദ്രന് 220 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി ഗോപിദാസിന് 181 വോട്ടും ലഭിച്ചു. വാര്‍ഡില്‍നിന്ന് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ വി പി ഒ അസ്കറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയാണ് വി പി ഒ ബുഷ്റ. വേങ്ങര പഞ്ചായത്തിലെ പൂങ്കുടായ (മൂന്ന്) വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ പി ഹസീന ഫസൽ 944 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പി സുഭാഷിന് 136 വോട്ട് കിട്ടി. 808 ആണ് ഭൂരിപക്ഷം. യുഡിഎഫ് അംഗം കെ പി ഫൈസല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home