പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ കടലാസിൽ ഒതുക്കുകയല്ല, അവ യാഥാർഥ്യമാക്കി: മുഖ്യമന്ത്രി

കൊല്ലം : സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ കടലാസിൽ ഒതുക്കുകയല്ല, അവ യാഥാർഥ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 140 മണ്ഡലങ്ങളിലും വികസനം ഉറപ്പാക്കിയെന്നും അതിന്റെ ഗുണഫലങ്ങൾ ജനജീവിതത്തിൽ പ്രതിഫലിച്ചുകാണുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരവിപുരം - പള്ളിമുക്ക് റോഡിൽ 32 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഇരവിപുരം മേൽപ്പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇരവിപുരം മണ്ഡലത്തിൽ ആറ് റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ 244 കോടി രൂപയാണ് അനുവദിച്ചത്. നിർമാണം പൂർത്തീകരിച്ച ഇരവിപുരത്തിന് പുറമെ മയ്യനാട്, കൊല്ലം എസ്‌എൻ കോളേജ് ജങ്‌ഷൻ, കല്ലുംതാഴം, കൂട്ടിക്കട, പോളയത്തോട് എന്നിവിടങ്ങളിലാണ് മേൽപ്പാലം വരുന്നത്. സംസ്ഥാനത്ത് ഇതിനകം 12 റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തീകരിച്ചു. 24 മേൽപ്പാലങ്ങൾ നിർമാണത്തിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇരവിപുരം മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
കൊല്ലം പീരങ്കി മൈതാനിയിൽ ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്‌റ്റേഡിയം യാഥാർഥ്യമായി. ഇരവിപുരത്ത് തീരസംരക്ഷണത്തിനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പുലിമുട്ട് നിർമാണം നടക്കുന്നു. മുണ്ടയ്‌ക്കലിൽ കച്ചിക്കടവ് പാലം നിർമാണത്തിന് 30കോടി അനുവദിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്‌ക്ക് ആസ്ഥാനം നിർമിക്കുന്നതും ഇരവിപുരം മണ്ഡലത്തിലാണ്. ഇതിനായി 45കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദേശീയപാത 66 വികസനത്തിന്റെയും തീരദേശ പാതയുടെയും ഗുണവും ഇരവിപുരം മണ്ഡലത്തിലെ ജനജീവിതത്തിന് ഉപകരിക്കുന്നതാണ്. ആരോഗ്യരംഗത്ത് മണ്ഡലത്തിൽ 20 കോടി രൂപയുടെ വികസനം നടന്നു– മുഖ്യമന്ത്രി പറഞ്ഞു.










0 comments