കിൻഫ്രയ്‌ക്ക് 1000 കോടിവരെ വായ്പ എടുക്കാൻ അനുമതി: മന്ത്രി പി രാജീവ്

തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യവികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപവരെ സ്വന്തം നിലയിൽ വായ്പയെടുക്കാൻ കിൻഫ്രയ്ക്ക് അനുമതി നൽകിയതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് കിൻഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതൽ 1000 കോടി രൂപവരെ കിൻഫ്രയ്ക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് ധാരാളംപേർ നിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. ഭൂമിയുടെ ലഭ്യതയുടെ പ്രശ്‌നമുണ്ട്. എന്നാൽ നിരവധി കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഫാക്ട്, എച്ച്എംടി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് തുടങ്ങിയവയൊക്കെ ഉദാഹരണം. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ സ്ഥലം കാടുപിടിച്ച് വനമായി. ഇത്തരം സ്ഥലങ്ങൾ സംസ്ഥാനസർക്കാരിന് കൈമാറിയാൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. ചടങ്ങിൽ കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും കൈമാറി. 1,77,000 ചതുരശ്രയടി വിസ്‌തീർണത്തിൽ പ്ലഗ് ആൻഡ് പ്ലേ ക്യാമ്പസ് മാതൃകയിലുള്ള പുതിയ കെട്ടിടമാണ് ടാറ്റ എൽക്‌സിക്ക് കൈമാറുന്നത്. 2022ൽ പാർക്കിൽ ടാറ്റ എൽക്സിക്ക് രണ്ടുലക്ഷത്തിലധികം വിസ്തീർണമുള്ള കെട്ടിടം കൈമാറിയിരുന്നു. അന്ന് കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് സമീപത്തുതന്നെ പുതിയ കെട്ടിടം നിർമിച്ചത്.
ചടങ്ങിൽ ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ ഡോ. ജയതിലക് അധ്യക്ഷനായി. വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി പി വിഷ്ണുരാജ്, ടാറ്റ എൽക്‌സി സിഎഫ്ഒ ഗൗരവ് ബജാജ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, കിൻഫ്ര എക്സ്പോർട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു











0 comments