ചരിത്ര നേട്ടങ്ങളുടെ ഒരു വർഷം: വിഴിഞ്ഞത്ത്‌ എത്തിയത്‌ 615 കപ്പലുകൾ; 13.2 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്തു

Vizhinjam port.jpg
വെബ് ഡെസ്ക്

Published on Dec 02, 2025, 09:30 PM | 2 min read

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങി ബുധനാഴ്‌ച ഒരുവർഷമാകുമ്പോൾ അത്ഭുതകരമായ നേട്ടങ്ങളാണ് തുറമുഖം കൈവരിച്ചതെന്ന് മന്ത്രി വി എൻ വാസൻ. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്‌നറും കൈകാര്യം ചെയ്ത്‌ നേട്ടങ്ങളോടെ മുന്നേറുകയാണ്‌ തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾവഴി ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരുവർഷമാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.


തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപദ്ധതികളുടെ ഔദ്യോഗികോദ്ഘാടനം ജനുവരിയിൽ നടക്കും. 2024 ജൂലൈ 11നാണ്‌ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്‌. ഡിസംബർ മൂന്നിന്‌ വാണിജ്യപ്രവർത്തനവും തുടങ്ങി. 2025 മെയ്‌ രണ്ടിന്‌ തുറമുഖം രാജ്യത്തിന്‌ സമർപ്പിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് നാളത്തേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സർവീസുകൾ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.


ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം TEU-വുമാണ് ഇവിടെ കൈകാര്യം ചെയ്തത്. 399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകൾ (ULCV) ബെർത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതൽ വലിയ കപ്പലുകൾ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. 17.1 മീറ്റർ ഡ്രാഫ്റ്റുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയിൽ തന്നെ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എന്ന റെക്കോർഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിനയെ വരവേറ്റതും, എംഎസ്‌സി പലോമയിൽ ഒരൊറ്റത്തവണ 10,576 TEU കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.


പ്രവർത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനിൽക്കുന്നു. 2025 ഒക്ടോബറിൽ 28.52 എന്ന ഉയർന്ന ഗ്രോസ് ക്രെയിൻ റേഷ്യോ (GCR) കൈവരിക്കാൻ തുറമുഖത്തിന് സാധിച്ചു. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. സംസ്ഥാന സർക്കാരിന്റെ കൃത്യമായ മേൽനോട്ടത്തിനൊപ്പം അദാനി വിഴിഞ്ഞം പോർട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവർത്തനവുമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാൻഷിപ്മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home