print edition ഹരിതകേരളത്തിലേക്ക് പുതുചുവട്: അന്താരാഷ്ട്ര ഊർജമേളയ്ക്ക് തുടക്കം

എനർജി മാനേജ്‌മെന്റ് സെന്റർ പനങ്ങാട് കുഫോസിൽ സംഘടിപ്പിച്ച മൂന്നാമത് കേരള രാജ്യാന്തര ഊർജമേള മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കേരളത്തെ ഊർജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരമായ ഹരിതഭാവിയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നാമത് അന്താരാഷ്ട്ര ഊർജമേളയ്ക്ക് തുടക്കം. മൂന്നുദിവസത്തെ മേള പനങ്ങാട് കുഫോസ് ക്യാമ്പസിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനംചെയ്‌തു.
സുസ്ഥിര വികസനത്തിനും ഹരിതഭാവിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിനും ഊർജ സ്വയംപര്യാപ്തത അനിവാര്യമാണെന്നും ജനകീയ കൂട്ടായ്‌മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും കാർബൺരഹിത കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്റെ ഊർജഭാവിയെ ശാക്തീകരിക്കുക’ എന്ന പ്രമേയത്തിൽ എനർജി മാനേജ്‌മെന്റ് സെന്ററാണ് (ഇഎംസി) മേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി ഊർജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ഉൾപ്പെടെയുള്ള ഉൗർജസംരക്ഷണ ആശയങ്ങളും ഉൽപ്പന്നങ്ങളും പ്രദർശനത്തിലുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി സുരക്ഷിതവും ലാഭകരവുമായ ഇ-–കുക്കിങ് (വൈദ്യുതി പാചകം) പ്രായോഗിക പരിശീലനവും മേളയുടെ ഭാഗമായി നൽകുന്നുണ്ട്.
ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിൽ ‘സുസ്ഥിരമായ ഊർജവിനിയോഗവും പരിസ്ഥിതിസൗഹൃദ ഭാവികേരളവും’ എന്ന ആശയത്തിൽ സംഘടിപ്പിച്ച തത്സമയചിത്രരചന, മേളയ്‌ക്ക് പകിട്ടേകി. ഞായറാഴ്‌ച കാർട്ടൂൺ രചനയും ഉപന്യാസരചനയും വരുംദിവസങ്ങളിൽ പ്രൊഫ. വി കെ ദാമോദരൻ അനുസ്‌മരണ പ്രോജക്ട് എക്‌സ്‌പോയും നടക്കും.
ഉദ്‌ഘാടന സമ്മേളനത്തിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ സ്ഥാപിതദിന പ്രഭാഷണം നടത്തി. ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ ടി സന്തോഷ്, ജോൺസൺ ഡാനിയേൽ എന്നിവർ സംസാരിച്ചു.










0 comments