ad
Deshabhimani

വിദ്യാർഥി സൗഹൃദ ജനകീയ ബജറ്റ്: മന്ത്രി ഡോ. ബിന്ദു

R BINDU
വെബ് ഡെസ്ക്

Published on Jan 29, 2026, 05:35 PM | 2 min read

തിരുവനന്തപുരം: സർക്കാരിന്റെ വിദ്യാർഥികേന്ദ്രിത നിലപാടുകൾ ഊട്ടിയുറപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പഠനം സൗജന്യമാക്കിയതും കോളേജ് വിദ്യാർഥികൾക്ക് മൂന്നു നഗരങ്ങളിൽ (തൃശൂർ, എറണാകുളം, കോഴിക്കോട്) കോമൺ ഹോസ്റ്റലുകൾ ആരംഭിക്കുന്നതും, മറ്റു സ്കോളർഷിപ്പുകളൊന്നും ലഭിക്കാത്ത ഗവേഷകവിദ്യാർഥികൾക്ക് പുതുതായേർപ്പെടുത്തിയ സി എം റിസേർച്ചർ സ്‌കോളർഷിപ്പ് പതിനായിരത്തിൽനിന്നും പതിനയ്യായിരം രൂപയാക്കി ഉയർത്തിയതും ഇതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു.


ഉന്നതവിദ്യാഭ്യാസ വികസനത്തിന് മുൻവർഷത്തേക്കാൾ 8.67 ശതമാനം (67.95 കോടി രൂപ) കൂടുതലായി തുക 851.46 കോടി രൂപ മാറ്റിവെച്ചത് കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ഇതേവരെയുള്ള പ്രവർത്തനങ്ങളെ ദ്രുതഗതിയിലാക്കും. ഇത് നവകേരളസൃഷ്ടിയിൽ ഉന്നതവിദ്യാഭ്യാസമേഖലയുടെ സംഭാവന വർദ്ധിപ്പിക്കും. സർവ്വകലാശാലാ ഭരണത്തെ കേന്ദ്രഭരണ നേതൃത്വത്തിന്റെ പിന്തുണയിൽ കലുഷിതമാക്കുമ്പോൾ സംസ്ഥാനസർക്കാർ ആ മേഖലയെ കൂടുതൽ ശ്രദ്ധയോടെ പരിപോഷിപ്പിക്കുന്നത് ബജറ്റിൽ കാണാം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവ്വകലാശാലകൾക്ക് 259.09 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.


തൊഴിലും നൈപുണിയും ഉൾച്ചേർന്ന പഠനപ്രക്രിയയിലേക്ക് മാറിക്കഴിഞ്ഞ സാങ്കേതിക വിദ്യാഭ്യാസത്തിന് 295 കോടി രൂപ നീക്കിവെച്ചത് വൈജ്ഞാനികസമ്പദ്- വ്യവസ്ഥ പണിതുയർത്തുന്നതിന് ആക്കം പകരും. ഇതിൽ 49 കോടി രൂപ വകയിരുത്തിയിരിക്കുന്നത് സർക്കാർ പോളി ടെക്നിക്കുകൾക്കാണെന്നത് സാധാരണക്കാരായ വിദ്യാർഥികളോടുള്ള ചേർത്തുപിടിക്കലാണ്. ടെക്നിക്കൽ ഹൈസ്‌കൂളുകൾക്കു മാത്രം തന്നെ 11.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


2036 ഒളിമ്പിക് ഗെയിംസിൽ നമ്മുടെ കുട്ടികൾ മാറ്റുരയ്ക്കണമെന്നുറപ്പിച്ച് കായികവകുപ്പുമായി സഹകരിച്ചാരംഭിച്ച കോളേജ് സ്പോർട്സ് ലീഗിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിശ്വപൗരൻ കെ ആർ നാരായണന്റെ സ്മരണയ്ക്കുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് പ്രവർത്തനങ്ങൾക്ക് 11.50 കോടി രൂപ കേരളത്തിന്റെ സ്വന്തം ഫിലിം സ്‌കൂളിന് കൂടുതൽ പ്രവർത്തനോർജ്ജം നൽകും. ഐഎച്ച്ആർഡിയ്ക്ക് 40 കോടിയും ട്രെസ്റ്റ് പാർക്കിന് നാല് കോടിയും എൽബിഎസ് സെൻ്ററുകൾക്ക് 9.58 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.


സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 22 കോടി നീക്കിവെച്ച ബജറ്റിൽ ഉന്നതവിദ്യാഭ്യാസത്തിനേറ്റ അന്താരാഷ്ട്രവത്കരണം സുപ്രധാനമായി ഏറ്റെടുത്തിട്ടുണ്ട്. ഓക്സ്ഫോഡ് സർവ്വകലാശാലയുമായി അക്കാഡമിക് സഹകരണത്തിന് രണ്ടു കോടി രൂപ മാറ്റിവെച്ചത് ഉദാഹരണം. സംസ്ഥാനത്താരംഭിച്ച അഞ്ച് സെൻ്റേഴ്‌സ് ഓഫ് എക്സലൻസ് രാജ്യാന്തര സ്ഥാപനങ്ങളാക്കാനുള്ള നടപടിയായി 12 കോടി രൂപ വകയിരുത്തിയതിനു പുറമെ, യുവതയിൽ ശാസ്ത്രാഭിമുഖ്യം വളർത്താൻ ദീർഘക്കാഴ്ചയോടെ പണം വകയിരുത്തിയിട്ടുമുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഭിമാനസ്ഥാപനങ്ങളായി വളർത്തിക്കൊണ്ടുവരുന്ന കോട്ടയം സയൻസ് സിറ്റി, ചാലക്കുടി, പരപ്പനങ്ങാടി മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ, കൊട്ടാരക്കര ശാസ്ത്ര മ്യൂസിയം തുടങ്ങിയ ശാസ്ത്രസാങ്കേതിക മ്യൂസിയങ്ങൾക്ക് ശാക്തീകരണത്തിന് നീക്കിവെച്ചിരിക്കുന്നത് 30.70 കോടി രൂപയാണ്. നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയ്ക്ക് 35.30 കോടി നൽകുകവഴി നൈപുണ്യവികസനപ്രവർത്തനങ്ങൾ കൂടുതൽ ഏറ്റെടുക്കപ്പെടും.


മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭ പുരസ്‌കാരം, കേരള റിസർച്ച് ഫെലോഷിപ്പ് തുടങ്ങിയ വിവിധ പഠന-ഗവേഷണ സ്കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കുമായി 38.76 കോടി രൂപ ബജറ്റ് മാറ്റിവെച്ചത് വിദ്യാർത്ഥിക്ഷേമ നിലപാടിന്റെ തുടർച്ചയാണ്. ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെ പ്രാദേശിക വികസനത്തിൽ പങ്കുചേർക്കുക വഴി വിവിധ സർവ്വകലാശാലകളിൽ തുടക്കമിട്ട ട്രാൻസ്‌ലേഷണൽ റിസേർച്ച് ലാബുകൾ കൂടുതൽ ഗതിവേഗം കൈവരിക്കും. വിദ്യാർത്ഥി പഠന-സേവനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായം ലഭ്യമാക്കുന്ന കെ-റീപ്പ് (Kerala Resources for Education Administration & Planning) പദ്ധതിയ്ക്ക് രണ്ടു കോടി രൂപ നീക്കിവെച്ചത് പരീക്ഷയും ഫലപ്രഖ്യാപനവും വേഗത്തിലാക്കിയ പുതിയ പരിഷ്കാരങ്ങളെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകും.


പശ്ചാത്തലസൗകര്യ വികസനത്തിൽ വലിയ കുതിപ്പുകൾ ഉണ്ടാക്കിക്കഴിഞ്ഞ കലാലയങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 104 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിയമ കോളേജുകൾക്ക് 16.70 കോടി രൂപ നൽകി. ജനകീയ സർക്കാർ വായനാ സമൂഹത്തിനൊപ്പമെന്നു തെളിയിച്ച്, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിലെ ഗ്രന്ഥാലയ ലൈബ്രേറിയന്മാർക്ക് 1000 രൂപ വേതന വർദ്ധന വരുത്തിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home