ad
Deshabhimani

print edition തൊഴിലാളി ദ്രോഹത്തിന് സർക്കാർ കൂട്ട്‌; ഗോപാൽഗൗഡ സമിതി റിപ്പോർട്ട്‌ പൂഴ്‌ത്തി

UDF.JPG
avatar
ആരതി ബി എസ്‌

Published on Jul 06, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഭാവി നിർണയിക്കുന്ന ജസ്റ്റിസ് വി ഗോപാൽഗൗഡ സമിതി റിപ്പോർട്ട്‌ പൂഴ്‌ത്തി യുഡിഎഫ്‌ സർക്കാർ. കൊച്ചിയിലെ കോറോ ഹെൽത്ത്‌ കമ്പനിയിൽ കൂട്ടപിരിച്ചുവിടൽ നടത്തിയിട്ടും തൊഴിൽ മന്ത്രിയടക്കം നിസ്സംഗത തുടരുകയാണ്‌. മുൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ്‌ നടപടി വൈകുന്നത്‌.


2025 നവംബർ 21നാണ്‌ രാജ്യത്ത്‌ ലേബർ കോഡ്‌ പ്രാബല്യത്തിൽ വന്നത്‌. പുതിയ ലേബർകോഡ്‌ കേന്ദ്രം പ്രഖ്യാപിച്ചപ്പോൾത്തന്നെ സംസ്ഥാനത്ത്‌ നടപ്പാക്കില്ലെന്ന്‌ എൽഡിഎഫ്‌ സർക്കാർ നിലപാടെടുത്തിരുന്നു. കോഡിനെതിരെ ഡിസംബർ 19-ന് എൽഡിഎഫ്‌ നേതൃത്വത്തിൽ ദേശീയ തൊഴിൽ സമ്മേളനം സംഘടിപ്പിച്ചു. പഠിച്ച്‌ വിശദ റിപ്പോർട്ട്‌ നൽകാൻ സുപ്രീം കോടതി മുൻ ജഡ്‌ജി വി ഗോപാൽഗ‍ൗഡ അധ്യക്ഷനായി എട്ടംഗ സമിതിയെയും 2026 ജനുവരി 22ന്‌ സർക്കാർ ചുമതലപ്പെടുത്തി. മാർച്ച്‌ അഞ്ചിന്‌ സമിതി റിപ്പോർട്ട്‌ നൽകി. ഇതിൽ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നീക്കങ്ങൾക്കിടെയാണ്‌ മാർച്ച്‌ 15ന്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനാൽ ശുപാർശകൾ നിയമമാക്കാനായില്ല. എന്നാൽ അധികാരത്തിൽ വന്ന്‌ അമ്പത്‌ ദിവസം തികയുമ്പോഴും റിപ്പോർട്ടിൽ യുഡിഎഫ് സർക്കാർ നടപടിയെടുത്തിട്ടില്ല.


ലേബർ കോഡ്‌ ഭരണഘടനാപരമായ സാമൂഹിക –-സാമ്പത്തിക നീതിക്ക് വിരുദ്ധമാണെന്നും തൊഴിൽ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്‌. തൊഴിൽ, ഭരണഘടനയുടെ സമവർത്തിപ്പട്ടിക ലിസ്റ്റിലായതിനാൽ തൊഴിലാളികൾക്ക് അനുകൂലമായ ഭേദഗതികളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ അധികാരമുണ്ടെന്നും കേന്ദ്ര കോഡുകൾ അടിസ്ഥാന നിലവാരം മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലേ-ഓഫ്, പിരിച്ചുവിടൽ എന്നിവയ്ക്ക്‌ കേരളത്തിൽ 50 തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽപ്പോലും മുൻകൂർ അനുമതി നിർബന്ധമാക്കി സംസ്ഥാനത്തിന് നിയമം ഭേദഗതി ചെയ്യാമെന്നും സമിതി നിർദേശിച്ചു. എന്നാൽ തൊഴിലാളി ക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന യുഡിഎഫ് സർക്കാർ, റിപ്പോർട്ട്‌ നടപ്പാക്കാതെ കേന്ദ്ര തൊഴിലാളി വിരുദ്ധനയങ്ങളെ തോൽപ്പിക്കാൻ കേരളത്തിന് ലഭിച്ച അവസരം ഇല്ലാതാക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home