'എളുപ്പത്തിൽ 12000 സമ്പാദിക്കാം'; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പൊലീസ്. 'നിങ്ങളുടെ ഫോണിൽ ഫോൺ പേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12000 സമ്പാദിക്കാം' എന്ന തരത്തിലുള്ള സന്ദേശം നൽകിയാണ് തട്ടിപ്പ്.
മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിനാൽ തട്ടിപ്പ് തിരിച്ചറിയാതെ ലിങ്കിൽ ക്ലിക്ക് ചെയ്യും. ഇതോടെ ഫോണിലെ ഫോൺ പേ ആപ്പ് തുറക്കുകയും 1499 അടയ്ക്കാൻ നിർദേശം വരികയും ചെയ്യും. തുക ലഭിക്കാനായി പിൻ നമ്പർ നൽകാനും ആവശ്യപ്പെടും. എന്നാൽ യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല. 1499 രൂപ നൽകാനുള്ള പേജാണ്. ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോകും. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‍ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നൽകണം.










0 comments