ad
Deshabhimani

അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്‌ ഇനി പുതിയ മുഖം

azhikodan-smaraka-mandiram
വെബ് ഡെസ്ക്

Published on Oct 20, 2025, 08:12 PM | 2 min read

കണ്ണൂർ: സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്‌ ഇനി പുതിയ മുഖം. കടന്നാക്രമണങ്ങളുടെ കെട്ട കാലങ്ങളിൽ വീറു ചോരാതെ കാത്ത, പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ സിപിഐ എം ജില്ലാ ഘടകത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ആധുനിക സ‍ൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഇനി കരുത്തേകും.


കമ്യൂണിസ്റ്റ് തൊഴിലാളി മഹാസംഗമമായ ഉദ്‌ഘാടനച്ചടങ്ങിലേക്ക്‌ ജനലക്ഷങ്ങളാണ്‌ ഒഴുകിയെത്തിയത്‌. ആദ്യകാല നേതാക്കളും അവരുടെ കുടുംബാംഗങ്ങളും, അടിയന്തരാവസ്ഥാ പീഢിതർ, രാഷ്ട്രീയ എതിരാളികളുടെയും പൊലീസിന്റെയും കൊടിയ മർദനം ഏറ്റുവാങ്ങിയവർ, രക്തസാക്ഷി കുടുംബാംഗങ്ങൾ, കള്ളക്കേസിൽ ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ തുടങ്ങിയവരെല്ലാം ഒത്തുചേർന്ന ചടങ്ങ്‌ ജില്ലയിലെ പാർടി അനുഭവിച്ച ത്യാഗങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സമരപോരാട്ടങ്ങളുടെയും ഓർമകളിലേക്കുള്ള തിരിച്ചുനടത്തം കൂടിയായി.


കലക്‌ട്രേറ്റ്‌ മൈതാനിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, പി ശശി, ടി വി രാജേഷ്‌, വി ശിവദാസൻ, വൽസൻ പനോളി, എൻ ചന്ദ്രൻ, വി കെ സനോജ്‌, കാസർകോട്‌ ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, വയനാട്‌ ജില്ലാ സെക്രട്ടറി കെ റഫീക്ക്‌ തുടങ്ങിയവർ പങ്കെട-ുത്തു. കഥാകൃത്ത്‌ ടി പത്മനാഭൻ, കണ്ണൂർ രൂപതാ ബിഷപ്പ്‌ ഡോ. അലക്‌സ്‌ വടക്കുംതല, എകെജിയുടെ മകൾ ലൈല, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി തുടങ്ങിയവരും ചടങ്ങിനെത്തി.


കെട്ടിടം രൂപകൽപ്പന ചെയ്‌ത ആർകിടെക്ട്‌ കെ എസ്‌ സുജിത്‌ കുമാർ, വെള്ളാപ്പള്ളി കൺസ്‌ട്രക്‌ഷൻ എം ഡി അലക്‌സ്‌ മാത്യു, നിർമാണത്തിന്‌ മേൽനോട്ടം വഹിച്ച സി സുരേശൻ, ജില്ലാ കമ്മിറ്റി ഓഫീസ്‌ ഓഫീസ്‌ സെക്രട്ടറി സി ശ്രീനിവാസൻ, അഴീക്കോടന്റെ പ്രതിമയും എകെജിയുടെ സ്‌റ്റെൻസിൽ ചിത്രവും തയ്യാറാക്കിയ ഉണ്ണി കാനായിക്കും മുഖ്യമന്ത്രി ഉപഹാരം നൽകി. അടിയന്തരാവസ്ഥയിലെ രക്തസാക്ഷി എൻ അബ്ദുള്ളയെക്കുറിച്ച്‌ ഇഎം അഷ്‌റഫ്‌ രചിച്ച ‘അർധരാത്രിയിലെ അറസ്‌റ്റ്‌’ കെ പി സഹവേദനുനൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home