ഭൂമിയും ആകാശവും കടലും വിൽക്കുന്നു; സംസ്ഥാന വിഭവങ്ങളെ സ്വകാര്യവൽക്കരിക്കുന്ന യുഡിഎഫ് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളും ആസ്തികളും കോർപ്പറേറ്റുകൾക്കും സ്വകാര്യ ലോബികൾക്കും വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റ്. 'ഭൂപരിഷ്കരണം 2.0' എന്ന പേരിൽ ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തിയും, 'മിഷൻ സമുദ്ര'യിലൂടെ കടൽത്തീരങ്ങൾ വിദേശ-സ്വദേശി സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തും, സ്പേസ് ഇക്കോണമിയുടെ പേരിൽ ആകാശ ഗവേഷണ മേഖലകളിൽ പോലും സ്വകാര്യ നിക്ഷേപത്തിന് പരവതാനി വിരിച്ചുമാണ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്.
കേരളത്തിന്റെ നട്ടെല്ലായ ഭൂപരിഷ്കരണ നിയമങ്ങളെ അട്ടിമറിക്കുന്ന വലിയൊരു നീക്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായങ്ങൾക്കായി ചുവപ്പുനാട ഒഴിവാക്കാനെന്ന വ്യാജേന വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമി ഒരുമിച്ച് കൂട്ടി 'ലാൻഡ് ബാങ്ക്' രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതിനായി കൊണ്ടുവരുന്ന ലാൻഡ് പൂളിംഗ് ഫ്രെയിംവർക്കും ഭൂമി പരിവർത്തന പ്രക്രിയകളും യഥാർഥത്തിൽ വാണിജ്യ വമ്പൻമാർക്ക് കേരളത്തിന്റെ ഭൂമി യഥേഷ്ടം കൈക്കലാക്കാനുള്ള നിയമപരമായ വഴിതുറക്കലാണ്. വികസനത്തിന്റെ പേരിൽ സുതാര്യതയില്ലാതെ ഭൂമി ഏറ്റെടുക്കാൻ കിൻഫ്രയെയും ഇൻകെലിനെയും ചുമതലപ്പെടുത്തുന്നത് ദരിദ്രരുടെയും സാധാരണക്കാരുടെയും ഭൂമി കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്ന നടപടിയാണ്.
കേരളത്തിന്റെ സ്വന്തം കടലും തീരപ്രദേശവും ഇനി സ്വകാര്യ ലോബികൾക്ക് കൊള്ളയടിക്കാനുള്ള വേദിയാകുമെന്നാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. 'മിഷൻ സമുദ്ര' എന്ന പേരിൽ കൊണ്ടുവന്നിട്ടുള്ള പോർട്ട് സിറ്റി പദ്ധതിക്കായി 400 കോടി രൂപയാണ് വകയിരുത്തിയത്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണ മേഖലകളും ഡ്രൈ പോർട്ടുകളും സ്ഥാപിക്കുമ്പോൾ തീരദേശത്തെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും. ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലൂ ഇക്കോണമി നയങ്ങളെ അതേപടി പകർത്തിക്കൊണ്ട് ആലപ്പുഴയെ ബ്ലൂ ഇക്കോണമിയുടെ തലസ്ഥാനമാക്കാൻ യുഡിഎഫ് സർക്കാർ തയാറെടുക്കുന്നത്. കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേരളത്തിന്റെ വിലയേറിയ ധാതുസമ്പത്ത് വൻകിട കമ്പനികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇന്ത്യയുടെ ധാതു സമ്പത്ത കൊള്ളയടിക്കാൻ സാമ്രാജ്യത്വ ശക്തികളായ അമേരിക്കയുമായി ചേർന്ന് മോദി സർക്കാർ നടപ്പാക്കുന്നതും ഇതേ മാതൃകകളാണ്.
ഭൂമിയും കടലും മാത്രമല്ല, ബഹിരാകാശ മേഖലയെയും (സ്പേസ് ഇക്കോണമി) വിറ്റ് കാശാക്കാനാണ് സർക്കാരിന്റെ നീക്കം. സ്വകാര്യ സാറ്റലൈറ്റ് നിർമാണ/വിക്ഷേപണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്കായി വിലപ്പെട്ട ഭൂമി വിട്ടുകൊടുക്കാനും ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണം മോദി സർക്കാരിന്റെ പ്രിയപ്പെട്ട പദ്ധതികളിലൊന്നാണ്. ഇതേ മാതൃകയിൽ കേരളത്തെ മാറ്റിയെടുക്കുന്നതിലേക്കാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തൽ.
സതേൺ കേരളാ ഇക്കണോമിക് കോറിഡോർ എന്ന പേരിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കോർപ്പറേറ്റ് ക്ലസ്റ്ററുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. അപൂർവ്വ ധാതുക്കളുടെയും സ്പേസ് ടെക്നോളജിയുടെയും പേരിൽ ദക്ഷിണ കേരളത്തെ വൻകിട സ്വകാര്യ നിക്ഷേപകർക്കായി തീറെഴുതിക്കൊടുക്കുകയാണ് ഈ ബജറ്റിലൂടെ യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. സാധാരണക്കാരന്റെയല്ല മറിച്ച് കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണ് പുതിയ ബജറ്റെന്ന ആക്ഷേപവും ശക്തമാണ്.










0 comments