പിറവത്ത് മൂവാറ്റുപുഴയാറിൽ യുവതിയുടെയും രണ്ട് വയസ്സുകാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

പ്രതീകാത്മക ചിത്രം
പിറവം: മൂവാറ്റുപുഴയാറിൽ യുവതിയുടെയും രണ്ട് വയസ്സുകാരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറ്റിലാണ് യുവതിയുടെയും ആൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മുളക്കുളം കളമ്പൂർ പാലത്തിന് സമീപത്ത് നിന്നും ആറാട്ടുകടവ് ഭാഗത്ത് നിന്നുമായാണ് വൈകിട്ട് ആറ് മണിയോടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും രണ്ട് വയസ്സുകാരനായ ആൺകുട്ടിയുടെയും മൃതദേഹങ്ങളാണ് പുഴയിൽ ഒഴുകിനടന്ന നിലയിൽ കണ്ടെത്തിയത്.
പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട നാട്ടുകാരാണ് വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചത്. തുടർന്ന് പിറവം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കടുപ്പിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ചവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇരുവരും അമ്മയും മകനുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിൽ നിന്നും ഈ പ്രായത്തിലുള്ള അമ്മയെയും കുഞ്ഞിനെയും കാണാതായിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് ആദ്യം പരിശോധിക്കുന്നത്. അപകടത്തിൽപ്പെട്ടതാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് പിറവം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.










0 comments