അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകം: 12 പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ 12 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ ഹെെക്കോടതി വിധിച്ചത്. ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി.
കേസിൽ കുറ്റക്കാരായ പ്രതികൾക്ക് വിചാരണ കോടതി ഏഴ് വർഷം കഠിന തടവാണ് നല്‍കിയിരുന്നത് .ഇത് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും മധുവിന്റെ അമ്മയും ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ.
ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരക്കാർ (2ാം പ്രതി), ഷംസുദ്ദീൻ (3ാം പ്രതി), രാധാകൃഷ്ണൻ (5ാം പ്രതി), അബൂബക്കർ (6ാം പ്രതി), സിദ്ധിഖ് (7ാം പ്രതി), ഉബൈദ് (8ാം പ്രതി), നജീബ് (9ാം പ്രതി), ജൈജുമോൻ (10ാം പ്രതി), സജീവ് (12ാം പ്രതി), സതീഷ് (13ാം പ്രതി), ഹരീഷ് (14ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻസ കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
മധു കൊലപാതകം ഇങ്ങനെ
അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) കൊല്ലപ്പെടുന്നത് 2018 ഫെബ്രുവരി 22നാണ്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം.കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. മധുവിന്റെ കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു.
നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു. മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പോലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പോലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി.










0 comments