യുഡിഎഫ് കൈകാര്യം ചെയ്യുന്നത് സ്‌ത്രീ വിരുദ്ധ രാഷ്‌ട്രീയം: എം ശിവപ്രസാദ്

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ മുഖമായി നിൽക്കുന്ന വനിതകളെ സൈബറിടങ്ങളിലും നേതാക്കൾ നേരിട്ടും അധിക്ഷേപിക്കുന്ന ഏറ്റവും മലിനമായ, സ്‌ത്രീവിരുദ്ധ രാഷ്‌ട്രീയമാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നതെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ കാതലായ രാഷ്‌ട്രീയം സംസാരിക്കാനും വികസനമില്ലെന്ന് പറയാനും കഴിയാത്ത പ്രതിപക്ഷം സ്ഥാനാർഥികളെ വ്യക്‌തിപരമായി അധിക്ഷേപിക്കുകയാണ്.
സുദീർഘമായ രാഷ്‌ട്രീയ പാരമ്പര്യമുള്ള വനിതാ നേതാവാണ് യു പ്രതിഭ. ഇടതുപക്ഷമായതിനാലും കായംകുളത്ത് പ്രതിഭ വിജയം ഉറപ്പായതിനാലുമാണ് അപകീർത്തിപ്പെടുത്തി തോൽപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ മുഖമായി നിൽക്കുന്ന വനിതകളെ ലൈംഗികമായും വ്യക്‌തിപരമയും അധിക്ഷേപിച്ച് ഇല്ലാതാക്കാനുള്ള ശ്രമം യുഡിഎഫ് ഒരുപാട് കാലമായി നടത്തുന്നുണ്ട്. പി കെ ശ്രീമതി, കെ കെ ശൈലജ, കെ ജെ ഷൈൻ, യു പ്രതിഭ തുടങ്ങിയ വനിതകളെയാകെ അധിക്ഷേപിക്കുന്നത് കേരളം കണ്ടതാണ്. ഇത്തരക്കാർക്കെതിരെ നേതൃത്വം നടപടിയെടുക്കുന്നില്ല. മറിച്ച് പിന്തുണയും നിയമസഹായവും കൊടുക്കുകയാണ്.
ജനവികാരമെതിരായപ്പോൾ പ്രതിഭക്കെതിരെ പരാമർശം നടത്തിയയാളെ പുറത്താക്കി എന്ന് വരുത്താനാണ് ലീഗിന്റെ ശ്രമമെന്നും ശിവപ്രസാദ് പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവപ്രസാദ്.










0 comments