ad
Deshabhimani

അറിവിന്റെ പുതുതലങ്ങൾ സൃഷ്ടിച്ച് നിയമസഭാ പുസ്‌തകോത്സവത്തിന്‌ സമാപനം

KLIBF.jpg

കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 07:16 PM | 2 min read

തിരുവനന്തപുരം: വായനയുടെ, ചിന്തയുടെ, സംവാദങ്ങളുടെ, കലയുടെ ഏഴ്‌ ദിനരാത്രങ്ങൾക്ക്‌ വർണശബളമായ സമാപനം. കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്‍റെ സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.


ജനുവരി ഏഴിന് ആരംഭിച്ച പുസ്തകോത്സവം തലസ്ഥാനത്തിന് ഉത്സവലഹരിയാണ് സമ്മാനിച്ചത്. 170 പ്രസാധകർ, 280 സ്റ്റാളുകൾ, 300ഓളം പുസ്തക പ്രകാശനങ്ങൾ എന്നിവ മേളയുടെ മാറ്റുകൂട്ടി. ഒരുലക്ഷത്തിലേറെ പേർ മേളയുടെ ഭാ​ഗമായി. വടക്കേ മലബാറിലെ അനുഷ്ഠാന കലയായ തെയ്യം നിയമസഭാങ്കണത്തിൽ അരങ്ങേറിയത് ഇത്തവണത്തെ പ്രധാന ആകർഷണമായിരുന്നു. പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം, അഗ്നികണ്ഠാകർണൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. കെഎൽഐബിഎഫ് ടോക്ക്, സാഹിത്യ സദസുകൾ, കുട്ടികൾക്കായി സജ്ജീകരിച്ച 'സ്റ്റുഡൻ്റ്സ് കോർണർ' തുടങ്ങിയവ വിജ്ഞാനവും വിനോദവും പങ്കിടുന്ന ഇടങ്ങളായി മാറി.


സമാപന സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി വി രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ രമേശ് ചെന്നിത്തല, വി കെ പ്രശാന്ത്, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നിയമസഭ പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കേരള നിയമസഭ മാധ്യമ അവാർഡുകളുടെ വിതരണവും ഗവർണർ നിർവഹിച്ചു.


VS BOOK.jpg'വി എസ്: സഭയിലും ജനപഥങ്ങളിലും ഇച്ഛാശക്തിയുടെ ഇതിഹാസം' പുസ്തകം ഗവർണർ രാജേന്ദ്ര അർലേക്കർ രമേശ്‌ ചെന്നിത്തലയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു



കേരളത്തിന്റെ മാതൃക മറ്റ്‌ നിയമസഭകൾ പിന്തുടണം: ഗവർണർ


നിയമസഭാ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്ന കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റ് നിയമസഭകളും പിന്തുടരണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ല, അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണ്‌. അടുത്ത തലമുറയെ കരുതലോടെ വളർത്താനുള്ള ഉദ്യമമാണ്‌ പുസ്തകോത്സവം. ഇന്നത്തെ കുട്ടികൾ മൊബൈലിലും കംപ്യൂട്ടറിലും മുഴുകിയിരിക്കുന്നുവെന്ന് പരാതിപ്പെടുന്നതിൽ കാര്യമില്ല. അവർക്ക് പുസ്തകങ്ങൾ കൈമാറാൻ മുതിർന്നവർ വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാതൃകയാകണം. പുസ്തകോത്സവം എന്നത് പുസ്തകങ്ങളുടെ പ്രദർശനത്തിനപ്പുറം വായനയുടെ ഉത്സവം കൂടിയായി മാറണം. വിമർശങ്ങളെ ഭയപ്പെടാത്ത തുറന്നരീതിയാണ് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ലൈബ്രറിയെയും സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെയും ഗവർണർ അഭിനന്ദിച്ചു.


കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു: സ്പീക്കർ


കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നതിന് തെളിവാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുവരെ പുസ്തകമേളയെപ്പറ്റി മനസ്സിലാക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെന്ന് സ്‌പീക്കർ എ എൻ ഷംസീർ. പുസ്‌തകോത്സവത്തിന്റെ വിജയം പൂർണമായും നിയമസഭാ സെക്രട്ടറിയറ്റിലെ ജീവനക്കാരുടേതാണ്. അഞ്ചാം പതിപ്പ് വരുമ്പോൾ സ്പീക്കർ സ്ഥാനത്ത് മറ്റൊരാളായിരിക്കാം, പക്ഷേ ഇതിനേക്കാൾ മനോഹരമായി അത് സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘാടന മികവിനാകുമെന്ന് സ്പീക്കർ പറഞ്ഞു.


വൈവിധ്യങ്ങൾ കരുത്താകട്ടെ: അമീന ഗുരീബ് ഫക്കീം


വൈവിധ്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് ഡോ. അമീന ഗുരീബ് ഫക്കീം പറഞ്ഞു. മൗറീഷ്യസിനെപ്പോലെ തന്നെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവുമാണ് കേരളത്തിന്റെയും കരുത്ത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും അവർ പറഞ്ഞു. മൗറീഷ്യസിലെ ആരോഗ്യമേഖലയിൽ കേരളത്തിൽ നിന്നുള്ളവരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home