print edition കെപിസിസി പ്രസിഡന്റ്: ഫൈനലിൽ വാഴയ്‌ക്കനും കൊടിക്കുന്നിലും

പ്രത്യേക ലേഖകൻ
Published on Jun 27, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ഗ്രൂപ്പ് മത്സരങ്ങളിലൂടെ മുന്നിലെത്തിയ അരഡസനിലധികം നേതാക്കൾ പിടിവലി നടത്തുന്ന കെപിസിസി പ്രസിഡന്റ് കസേരയിലേക്ക് ഫൈനൽ യുദ്ധം ജോസഫ് വാഴയ്‌ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലെന്ന് സൂചന. ഇരുവരും ഡൽഹിയിൽ അവസാന കരു നീക്കത്തിൽ. ഇരട്ടപ്പദവി വിഷയം കൊടിക്കുന്നിലിനെയും മുഖ്യമന്ത്രി വി ഡി സതീശന്റെ നോമിനിയെന്നത് വാഴയ്‌ക്കനെയും ബാധിച്ചേക്കും. കെ സി വേണുഗോപാലിന്റെ നിലപാട് നിർണായകമാകും.
നിയമസഭയിൽ സീറ്റ് നൽകാത്തപ്പോൾ നൽകിയ ഉറപ്പും ദീർഘകാലമായി പദവിയില്ലാതെ മാറിനിന്നതുമാണ് വാഴയ്‌ക്കൻ നിരത്തുന്ന കാരണം. ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയുടെ പിന്തുണയുമുണ്ട്. ദളിത് പ്രസിഡന്റ് വേണമെന്ന ദീർഘകാലത്തെ ആവശ്യം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ കണ്ട് അറിയിച്ചുവെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. ദീർഘകാലമായി എംപി സ്ഥാനത്തുള്ള കൊടിക്കുന്നിലിന് സോണിയ ഗാന്ധിയോടുള്ള അടുപ്പം തുണയാകും. സർക്കാരും പാർടിയും യോജിച്ചുപോകാൻ സഹായമായ നിലപാടേ എടുക്കാവൂവെന്ന നിബന്ധനയാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്. ബജറ്റിനുശേഷം മതി പുനഃസംഘടനയെന്ന സതീശന്റെ അഭ്യർഥന ഹൈക്കമാൻഡ് തള്ളിയിരുന്നില്ല.
അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി എന്നിവരാണ് രംഗത്തുള്ള മറ്റ് എംപിമാർ. മാത്യു കുഴൽനാടൻ എംഎൽഎയും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വി എസ് ശിവകുമാറും ടി ശരത്ചന്ദ്രപ്രസാദും മോഹികളായുണ്ട്. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്നും മന്ത്രിസഭയിൽ വലിയ പ്രാതിനിധ്യമുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചാൽ സമവാക്യം മാറാം.











0 comments