ഒന്നര വയസുകാരന്റെ കൊല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

നെടുമങ്ങാട്: പനവൂരിൽ ഒന്നരവയസുകാരൻ പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛനെയും കുഞ്ഞിന്റെ മാതാവിനെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവൂർ നെല്ലിക്കുന്നിൽ വാടകക്കു താമസിച്ചിരുന്ന അഖിലയുടെയുടെ ഒന്നരവയസുണ്ടായിരുന്ന അർഷാദ്, അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറിന്റെ ക്രൂരമായ ശാരീരിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. അഖിലയുടെ ഒത്താശയോടെ നടന്ന കൊലയെ തുടർന്ന് അറസ്റ്റിലായ ഇരുവയും റിമാന്റിലായിരുന്നു. വെള്ളിയാഴ്ചയാണ് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
വ്യാഴാഴ്ച അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷയെ തുടർന്ന് വെള്ളിയാഴ്ച പകൽ 11ന് നെടുമങ്ങാട് എസ്‍എസി/എസ്ടി കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കോടതിയിൽ എത്തിയ പ്രതി അഷ്കർ തനിക്ക് ദേഹാസ്വസ്ഥമുണ്ടെന്നും വൈദ്യപരിശോധന വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ദേഹപരിശോധനക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുന്നുണ്ടെന്ന വിവരമറിഞ്ഞ് വനിതകളുൾപ്പടെ വൻ ജനാവലിയാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. പ്രതികൾക്കു നേരേ പാഞ്ഞടുത്ത ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൂവിവിളിച്ചും അസഭ്യം വിളിച്ചുമാണ് ജനക്കൂട്ടം പ്രതികളോടുള്ള അമർഷം പ്രകടിപ്പിച്ചത്.
പരിശോധനയിൽ സാരമായ തകരാറുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് കോടതി പ്രതികളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിന് ശേഷം പ്രതികൾക്കുനേരേ കൊലപാതകം ഉൾപ്പടെയുള്ള മറ്റ് അനവധി ആരോപണങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഇതുസംബന്ധിച്ചും അർഷാദിന്റെ കൊലക്കു പിന്നിലെ അധിക വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കും. കൊലനടന്ന വാടക വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പും നടത്തും. ശനിയാഴ്ച വൈകിട്ട് അഞ്ചു വരെ പ്രതികൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടാകും.









0 comments