‘ടീം ഖത്തറി’ന് കക്കോടിക്കാരൻ അസീസിന്റെ കിക്ക് ഓഫ്

വേൾഡ് കപ്പ് ഖത്തർ ദേശീയ ഫുട്ബോൾ ടീം ഡയറക്ടർ ഫഹദ് താനി അൽസറക്കൊപ്പം അസീസ്
ഉണ്ണി ഈന്താട്
Published on Jun 03, 2026, 08:08 AM | 1 min read
കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോൾ കളിയാരവങ്ങൾ പടിവാതിൽക്കലെത്തിനിൽക്കുന്പോൾ ഖത്തർ ദേശീയ ടീമിന്റെ പേരിൽ കോഴിക്കോട്ടുകാർക്കും അഭിമാനിക്കാം. ടീമിന്റെ സംഘാടനമികവിന് പിന്നിലെ മലയാളി സാന്നിധ്യമാണ് കക്കോടി ബദിരൂർ സ്വദേശി അസീസ്. ഖത്തർ താരം കണ്ണൂരിലെ തഹ്സിൻ മുഹമ്മദ് ജംഷിദിനെ കൂടാതെയുള്ള മലയാളിയാണ് ടീം കോ ഓർഡിനേറ്ററായ അസീസ്. അടുത്ത ദിവസം ഖത്തറിലേക്ക് തിരിക്കുന്ന അസീസ് വീണ്ടും കളിയാരവങ്ങളിലേക്ക് കടക്കും.
അമേരിക്ക, കനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിൽ ഖത്തർ ടീമിന്റെ പിന്നണിയിൽ കരുത്തായി അസീസുമുണ്ടാവും. മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട 2022ലെ ഖത്തറിൽ നടന്ന ലോകകപ്പിന്റെ അണിയറയിൽ പ്രവർത്തിച്ചവരിലൊരാളാണ് അസീസ്. ഗൾഫ് സ്വപ്നവുമായി 1988ൽ ഖത്തറിലെത്തിയതാണ്. റെഡിമെയ്ഡ് കടയിൽ ജോലിയിലിരിക്കെ പരിചയപ്പെട്ട അറബിയിൽനിന്നാണ് 1992ൽ ഖത്തർ ദേശീയ ടീമിൽ ടീം കോ ഓർഡിനേറ്ററായും ഖത്തർ ഫുട്ബോൾ ഡെവലപ്പ്മെന്ററി ഡിപ്പാർട്ട്മെന്റിലേക്കും എത്തുന്നത്.
ടീം കോ ഓർഡിനേറ്റർ, മാനേജർ, കോച്ച്, ഡോക്ടർ അടക്കം 35 പേരാണ് ടീമിനെ നിയന്ത്രിക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം, കളിക്കാൻ പോകുമ്പോഴുള്ള യാത്രാരേഖകൾ, ജഴ്‌സി, ബൂട്ട്, ബോൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി ഒരു കളിക്കാരനെ കളിക്കളത്തിൽ ഇറക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വമാണ് അസീസടക്കമുള്ളവർ നിറവേറ്റുന്നത്. യു കെ, ജർമനി, ഫ്രാൻസ്, ബ്രസീൽ അടക്കം 20ലധികം രാജ്യങ്ങളിൽ ടീമിനോടൊപ്പം അസീസ് സഞ്ചരിച്ചിട്ടുണ്ട്. ജർമനിയിൽ പോയപ്പോൾ അവിടുത്തെ പ്രധാനമന്ത്രിയിൽനിന്ന് പ്രത്യേക ഉപഹാരം ലഭിച്ചതും കുവൈത്തിൽ നടന്ന വേൾഡ് കപ്പ് മത്സരത്തിൽ അവിടെ വച്ച് അന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറെ കണ്ടതും അസീസ് ഓർക്കുന്നു.
റോസിനയാണ് ഭാര്യ. മക്കൾ: അജനാസ് (ഖത്തർ ഫുട്ബോൾ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിൽ അഡ്‌മിനിസ്ട്രേഷൻ അനലിസ്റ്റ്), മിൻഹാജ് (മോഷൻ ഗ്രാഫിക്സ് ഡിസൈനർ, ഖത്തർ), ഖദീജ അബ്റാർ (ജേർണലിസ്‌റ്റ്, ഖത്തർ).










0 comments