ad
Deshabhimani

'മലയാളം വാനോളം, ലാൽസലാം'; മഹാനടനെ ആദരിച്ച് കേരളം

lal salam mohanlal
വെബ് ഡെസ്ക്

Published on Oct 04, 2025, 05:56 PM | 2 min read

തിരുവനന്തപുരം: ​രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിച്ച് കേരളം. മലയാളപ്പെരുമ വാനോളം ഉയർത്തിയ മോഹൻലാലിനെ സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. കവി പ്രഭാവർമ്മ രചിച്ച പ്രശസ്‌തിപത്രവും സമർപ്പിച്ചു. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.


മന്ത്രിമാരായ സജി ചെറിയാൻ, ജി ആർ അനിൽ, കെ എൻ ബാല​ഗോപാൽ, എ എ റഹീം എംപി, എംഎൽഎമാരായ എം വി ​ഗോവിന്ദൻ, ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ ചലച്ചിത്ര സംവിധായകരായ അടൂർ ​ഗോപാലകൃഷ്ണൻ, ജോഷി, നടിമാരായ അംബിക, രഞ്ജിനി, മാളവിക മോഹൻ, ശോഭന, ലക്ഷ്മി ​ഗോപാലസ്വാമി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ടി കെ രാജീവ്കുമാര്‍ എന്നിവരുൾപ്പെടെ രാഷ്‌ട്രീയ - സാംസ്‌കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സദസിലുണ്ടായിരുന്നു.


lal salam mohanlal


ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി കെ രാജീവ് കുമാറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. മോഹൻലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിച്ചു. കലാമണ്ഡലം വിനോദിന്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിച്ചു.


തുടർന്ന്, മോഹൻലാലിൻ്റെ അവിസ്മരണീയമായ സിനിമാ ജീവിതത്തിന് ആദരമർപ്പിച്ചുകൊണ്ട് 'രാഗം മോഹനം' എന്ന പേരില്‍ സംഗീതാർച്ചന അരങ്ങേറി. മോഹൻലാൽ ചിത്രങ്ങളിലെ എക്കാലത്തെയും മികച്ച ഗാനങ്ങൾ കോർത്തിണക്കിയ ഈ പരിപാടി സദസ്സിന് പുത്തൻ അനുഭൂതിയായി.


mihanlal with singers


ആദ്യ ഗാനം എം ജി ശ്രീകുമാറിൻ്റേതായിരുന്നു. പിന്നാലെ ഗായിക സുജാതയുടെ നേതൃത്വത്തിൽ മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ് എന്നീ പ്രമുഖ ഗായികമാർ ചേർന്ന ഗാനാർച്ചന ആരാധകരെ ഇളക്കിമറിച്ചു. ഈ സംഗീത രാവിന് മാറ്റ് കൂട്ടി, നടൻ മോഹൻലാലും വേദിയിൽ ഗാനം ആലപിച്ച് ആസ്വാദകരെ ഹരം കൊള്ളിച്ചു.


നടൻ മധു, ​ഗായകരായ കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലിന് പ്രശംസയർപ്പിച്ചു. നടന്‍ അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസയര്‍പ്പിച്ച് സര്‍ക്കാരിന് അയച്ച കത്ത് ചടങ്ങില്‍ വായിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home