ദമ്പതികളെ ആക്രമിച്ച് മോഷണം: ഇരയെ തെരഞ്ഞത് ഓൺലൈനിൽ; പ്രതി രണ്ടാഴ്‌ചയ്‌ക്കിടെ വീണ്ടും ജയിലിൽ

ദമ്പതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൈതവനയിലെ വീട്ടിൽ എത്തിച്ചപ്പോൾ
ആലപ്പുഴ: വാടകയ്ക്ക് വീട് ആവശ്യപ്പെട്ടെത്തി വൃദ്ധ ദമ്പതിമാർക്ക് നേരെ മുളകുപൊടി വിതറി സ്വർണവും പണവും കവർന്ന കേസിൽ പ്രതി രാജ്‌മോഹൻ ജയിലിൽനിന്ന് ഇറങ്ങിയത് രണ്ടാഴ്‌ച മാത്രം മുമ്പ്. എറണാകുളത്ത് ഇയാൾ വാടകയ്‌ക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് പാട്ടത്തിന് നൽകി രണ്ട് പേരിൽനിന്നായി 15 ലക്ഷം രൂപവീതം തട്ടിയെടുത്ത കേസിൽ എറണാകുളം നോർത്ത് പൊലീസാണ് രാജ്‌മോഹനെ അറസ്റ്റുചെയ്‌തത്. യഥാർഥ ഉടമ എത്തിയതോടെയാണ് ഫ്ലാറ്റ് അനധികൃതമായി പാട്ടത്തിന് നൽകിയ വിവരം അറിയുന്നത്. ഇൗ കേസിൽ ഇയാളുടെ ഭാര്യയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ വാടയ്ക്കലിൽ രണ്ടു വർഷമായി രാജ്‌മോഹനും കുടുംബവും വാടകയ്ക്കു താമസിക്കുകയാണ്. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തിയതോടെയാണ് കവർച്ച നടത്തിയത്.
ഇരയെ തെരഞ്ഞത് ഓൺലൈനിൽ
ഓൺലൈൻ റിയൽ എസ്‌റ്റേറ്റ് സൈറ്റിൽനിന്നാണ് മോഷണത്തിന് സുദർശന്റെ വീട് രാജ്‌മോഹൻ തെരഞ്ഞെടുത്ത്. വീട് വാടകയ്‌ക്ക് എന്ന പരസ്യത്തിലെ നമ്പറിൽ വിളിച്ചശേഷം വീട്ടിലെത്തി കഴിഞ്ഞ ദിവസം നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി. പരിചയപ്പെടുത്താൻ ആളുണ്ടെങ്കിലെ വീടു നൽകൂവെന്ന് വീട്ടുടമസ്ഥൻ സുദർശൻ പറഞ്ഞു. അടുത്ത ദിവസം പരിചയപ്പെടുത്താൻ ആളുമായി വരാമെന്നു വിശ്വസിപ്പിച്ച് മടങ്ങി. തിങ്കൾ രാവിലെ വീണ്ടുമെത്തി ഗൃഹോപകരണങ്ങൾ കൊണ്ടുപോകാൻ മുകൾ നിലയിലേക്കുള്ള കോണിപ്പടി അളന്നു. ഉച്ചയോടെ നിലവിൽ താമസിക്കുന്ന വീടിന്റെ വാടകക്കരാറുമായെത്തി സുദർശന് കൈമാറി. ഇതു വായിക്കുന്നതിനിടയിലാണ് മുളകുപൊടി വിതറിയുള്ള ആക്രമണം. ദമ്പതിമാരുടെ വായിൽ തുണിതിരുകാൻ ശ്രമിച്ച പ്രതി മണിക്കൂറുകൾ കഴിഞ്ഞേ പുറത്തിറങ്ങാവൂവെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റോഡിലിറങ്ങി കളർകോട്ടേക്ക് നടന്ന പ്രതി ഓട്ടോറിക്ഷയിലാണ് രക്ഷപ്പെട്ടത്.
മോഷണം, പണയം, പണം
രത്നകുമാരി ധരിച്ചിരുന്ന താലിമാല ഉൾപ്പെടെയുള്ള ആഭരണങ്ങളുമായി പ്രതി നേരത്തെ പോയത് നഗരത്തിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലേക്ക്. മൂന്നരപവന്റെ മാല പണയംവച്ച് രണ്ടരലക്ഷം രൂപ അക്കൗണ്ടിലൂടെ പ്രതി കൈപ്പറ്റി. ശവക്കോട്ടപ്പാലത്തിന് സമീപമെത്തി വീട്ടുവാടകയുടെ കുടിശ്ശിക ഉടമയ്ക്ക് അയക്കുകയുംചെയ്തു. കവർച്ചയ്‌ക്കിടെ വസ്‌ത്രത്തിൽ മുളകുപൊടിയായതിനെ തുടർന്ന് സുദർശനന്റെ ഷർട്ടും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഇൗ ഷർട്ടും ശവക്കോട്ടപ്പാലത്തിന് സമീപം ഉപേക്ഷിച്ചു.
കുടുക്കിയത് ഫോൺ
കൈയിലുള്ള സ്വർണവുമായി നാടുവിടാൻ പദ്ധതിയിട്ട പ്രതിയെ കുടുക്കിയത് ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം. കുറ്റകൃത്യം നടന്ന സമയം ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ മുമ്പ് സുദർശനന്റെ വീട്ടിലെത്തിയ സമയത്തെ വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇൗ നീക്കമാണ് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയെ കുടുക്കിയത്. അതിവേഗം പ്രത്യേക അന്വേഷകസംഘമുണ്ടാക്കിയതും ഗുണകരമായി. കൃത്യതയുള്ള പൊലീസിന്റെ നീക്കമാണ് ബാങ്കിൽനിന്ന് വാടകവീട്ടിലെത്തിയതിന് പിന്നാലെ പ്രതിയെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു.










0 comments