കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ: കോൺഗ്രസ് മുക്കിയ ആപ്പിലെ വിവരങ്ങൾ പുറത്ത്

കോൺഗ്രസിന്റെ ‘സ്റ്റാൻഡ് വിത്ത് വയനാട്’ ആപ്പിലെ വിവരങ്ങൾ
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് വീടുനിർമിക്കാനെന്ന പേരിൽ പിരിച്ച ഫണ്ട് മുക്കിയ കോൺഗ്രസിന്റെ ‘സ്റ്റാൻഡ് വിത്ത് വയനാട്’ ആപ്പിലെ വിവരങ്ങൾ പുറത്ത്. ഐടി വിദഗ്ദനായ രജിത്ത് രാമചന്ദ്രനാണ് കോൺഗ്രസ് ആപ്പിലെ വിവരങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ആപ്പിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് കോണ്‍ഗ്രസ് പിരിച്ചത്. പുറത്ത് വിട്ട കണക്കും ആപ്പിൽ ഉള്ള കണക്കും തമ്മിൽ ഒരു ബന്ധവും ഇല്ല, പക്ഷേ ടോട്ടൽ ഒന്നാണെന്ന് അദ്ദേഹം പറയുന്നു. എറണാകുളം അടക്കമുള്ള ഭൂരിപക്ഷം ജില്ലകളിൽ നിന്നും 15 ലക്ഷം രൂപ പോലും ലഭിച്ചതായി കണക്കിലില്ല. കോട്ടയം പോലെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് നാല് ലക്ഷത്തിൽ കുറവാണ് കണക്കിൽ ഉള്ളത്.
വൻ കിട സംഭാവനകൾ, സർവീസ് സംഘടനകൾ, പ്രവാസി സംഘടനകൾ എന്നിവർ കൊടുത്ത കണക്ക് ആപ്പിൽ ഇല്ല. എന്നാൽ ആപ്പ് വഴി അല്ലാതെ പിരിച്ച ഒരു 10 ലക്ഷത്തിന്റെയും ഒരു 20 ലക്ഷത്തിന്റെയും രേഖകൾ ആപ്പിൽ ഉണ്ട്. 2024 സെപ്റ്റംബർ മാസത്തെ കണക്ക് ആപ്പിൽ ഇല്ല. ആ മാസത്തെ മുഴുവൻ ഡാറ്റയും കാണാനില്ല. ഇത്തരത്തിൽ പണപ്പിരിവിന്റെ പേരിൽ കോൺഗ്രസ് വ്യാപക തട്ടിപ്പ് നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
മുക്കിയ ആപ്പിലെ വിവരങ്ങൾ പൊക്കി
ആപ്പിൽ ഉള്ളത്
1. ആകെ സമാഹരിച്ച തുക: 3,78,68,718 (മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപത്തിയെണ്ണായിരത്തി എഴുനൂറ്റി പതിനെട്ട്)
2. ആകെ നടന്ന ഇടപാടുകൾ (വിജയകരമായവ): 22,702.
3. ജില്ല/റീജിയൻ തിരിച്ചുള്ള കണക്കുകൾ - അവിശ്വസനീയം, എറണാകുളം അടക്കമുള്ള ഭൂരിപക്ഷം ജില്ലകളിൽ നിന്നും 15 ലക്ഷം രൂപ പോലും ലഭിച്ചതായി കണക്കിൽ ഇല്ല. കോട്ടയം പോലെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് 4 ലക്ഷത്തിൽ കുറവ് ആണ് കണക്കിൽ ഉള്ളത്.
ആപ്പിൽ ഇല്ലാത്തത്
1. 2024 സെപ്റ്റംബർ മാസത്തെ കണക്ക് ആപ്പിൽ ഇല്ല. ആ മാസത്തെ മുഴുവൻ ഡാറ്റയും കാണാൻ ഇല്ല. ഇത് മുഴുവനായി മുക്കി.
2. വൻ കിട സംഭാവനകൾ, സർവീസ് സംഘടനകൾ, പ്രവാസി സംഘടനകൾ എന്നിവർ കൊടുത്ത കണക്ക് ആപ്പിൽ ഇല്ല. അതും മുഴുവനായി മുക്കി. എന്നാൽ ആപ്പ് വഴി അല്ലാതെ പിരിച്ച ഒരു 10 ലക്ഷത്തിന്റെയും ഒരു 20 ലക്ഷത്തിന്റെയും രേഖകൾ ആപ്പിൽ ഉണ്ട്.
3. പുറത്ത് വിട്ട കണക്കും ആപ്പിൽ ഉള്ള കണക്കും തമ്മിൽ ഒരു ബന്ധവും ഇല്ല, പക്ഷേ ടോട്ടൽ ഒന്നാണ്.
ആപ്പ് ലൈവ് ആക്കാൻ ഒരു മിനുട്ട് പോലും വേണ്ട എന്ന ഞെട്ടിക്കുന്ന സത്യവും മനസ്സിലാക്കി.
രാജ്യമാകെയും പുറത്തുനിന്നും പണം പിരിച്ചിട്ടും അക്കൗണ്ടിലെത്തിയത് 5.38 കോടി മാത്രമാണെന്ന അവിശ്വസനീയ കണക്കാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പുറത്തുവിട്ടത്. 150 കോടിയോളം പിരിച്ചതായാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് പുറത്തുവന്ന വിവരം. 54 കോടി രൂപയിലേറെ കിട്ടിയതായി രേഖപ്പെടുത്തിയ ആപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
2024 ജൂലൈ 31ന് അർധരാത്രിയായിരുന്നു ദുരന്തം. ആഗസ്‌ത് 21ന് പണ പിരിവിന് ആപ്പ് സജ്ജമാക്കി. സർക്കാരുമായി സഹകരിക്കാതെ സ്വന്തമായി 100 വീട് നിർമിക്കുമെന്ന് ആഗസ്‌ത് മൂന്നിന് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രഖ്യാപിച്ചു. ഇതര സംസ്ഥാന ഘടകങ്ങൾ, പ്രവാസി സംഘടനകൾ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, സർവീസ് സംഘടനകൾ എന്നിവരെല്ലാം പണം നൽകി.











0 comments