ad
Deshabhimani

print edition ഷൊർണൂർ- മംഗളുരു മൂന്നും നാലും പാതയും പോയി

Vande.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 24, 2026, 12:39 AM | 1 min read

കണ്ണൂർ: ‘ഷൊർണൂർ–മംഗളൂരു റൂട്ടിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽപ്പാതയ്‌ക്കായി ഡിപിആർ തയ്യാറാക്കുന്നുണ്ട്‌. ഇതിനുള്ള ലിഡാർ സർവേ പൂർത്തിയായി. പാതയുടെ അലൈൻമെന്റ്‌ തീരുമാനം അന്തിമഘട്ടത്തിലാണ്’–കഴിഞ്ഞ ഫെബ്രുവരി ആറിന്‌ റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ്‌ രാജ്യസഭയിൽ പറഞ്ഞതാണിത്‌. പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ മംഗളൂരു മേഖല അടർത്തിമാറ്റാനുള്ള ആസൂത്രണം അണിയറയിലുള്ളപ്പോഴാണ്‌ മന്ത്രി വാചാലനായത്‌. ഉള്ളാൾ മുതൽ പനമ്പൂർ വരെയുള്ള മംഗളൂരു മേഖല മൈസൂരു ഡിവിഷനിൽ ചേർത്ത്‌ കഴിഞ്ഞ ദിവസമാണ്‌ ഉത്തരവിറങ്ങിയത്‌.


കെ റെയിൽ ഇല്ലാതാക്കാൻ ബിജെപിയും കോൺഗ്രസും സജീവമാക്കിയ ആശയമാണ്‌ ഷൊർണൂർ–മംഗളൂരു മൂന്നാമത്തെയും നാലാമത്തെയും വളവില്ലാത്ത പാത. ട്രെയിനിന്റെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തിയാൽ മലബാറിലെ യാത്രാപ്രശ്‌നം പരിഹരിക്കാമെന്ന ഒറ്റമൂലിയും കെ റെയിൽ വിരുദ്ധർ പ്രചരിപ്പിച്ചു.


ലൂപ്പ് ലൈൻ (ട്രെയിൻ മറികടക്കാൻ ചെറിയ ദൂരത്തിലുള്ള മൂന്നും നാലും ട്രാക്ക്‌), സിഗ്നൽ നവീകരണം, ട്രാക്കുകളിൽ സുരക്ഷാവേലി സ്ഥാപിക്കൽ എന്നിവ ഉടൻ വരുമെന്നും കെ റെയിൽ വേണ്ടെന്നുമായിരുന്നു വാദം. പുതിയ ആറ് ലൂപ്പ് ലൈനും നാല് ഹോൾഡിങ് യാർഡും (താൽക്കാലിക നിർത്തിയിടൽ കേന്ദ്രം) സ്ഥാപിക്കുമെന്ന വാർത്തയും പ്രചരിപ്പിച്ചു. ഇതൊന്നും ഉണ്ടാകില്ലെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌.


കാസർകോട്‌ കുന്പള കഴിഞ്ഞ്‌ 29 കിലോമീറ്റർ അപ്പുറം ഉള്ളാൾ എത്തിയാൽ റെയിൽവേ സോൺ സ‍ൗത്ത്‌–വെസ്‌റ്റ്‌ ആകും. ഇ‍ൗ ഭാഗത്തെ പുതിയ പാതയും വികസനവും തീരുമാനിക്കുക മൈസൂരുവിൽനിന്നാകും. നിലവിൽ ഷൊർണൂർ-– മംഗളൂരു പാതയിൽ 90 ശതമാനം ട്രാക്കും ഉപയോഗത്തിലാണ്‌.

അതിനാൽ പുതിയ ട്രെയിൻ സർവീസ്‌ അനുവദിക്കാറില്ല. ഓണക്കാലത്തും മറ്റും പാലക്കാട്‌ ഡിവിഷൻ സതേൺ സോണിൽ സമ്മർദം ചെലുത്തിയാണ്‌ പ്രത്യേക ട്രെയിൻ അനുവദിക്കുന്നത്‌. ഇനി ഇത്തരം ട്രെയിനുകൾക്ക്‌ വടക്കോട്ടെത്താൻ സ‍ൗത്ത്‌–വെസ്‌റ്റ്‌ സോൺകൂടി കനിയണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home