ആശംസ നേർന്ന് വിദ്യാഭ്യാസ മന്ത്രി
ഹൃദയംകൊണ്ടാണ് അമീൻ ലോകത്തെ കണ്ടത്: ഒന്നാംക്ലാസുകാരന്റെ കഥാസമാഹാരം പുറത്തിറങ്ങി

ചിത്രം: ശരത് കൽപ്പാത്തി
ശരത് കല്പാത്തി
Published on Mar 19, 2025, 03:33 PM | 1 min read
പാലക്കാട് : ഹൃദയം കൊണ്ടാണ് അമീൻ ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകത്തിന്റെ വർണ്ണകാഴ്ചകൾ അവന് പരിമിതമായി മാത്രമേ കാണാൻ കഴിയൂ. സ്കൂളിൽ ഒന്നാം ക്ലാസിൽ എത്തിയതേയുള്ളൂ. പക്ഷെ അക്ഷരങ്ങൾ അവന് വഴങ്ങി. കൂടെ നടന്നു കഥകളായി. പാട്ടു കവിതകളുമായി ചിറകടിച്ചു.
ആടും നായയും കുട്ടിക്കുരങ്ങനും കുഞ്ഞിക്കിളിയും പാട്ടും, ആകാശത്തുനിന്ന് കണ്ട കാഴ്ചകൾ, പൂവൻകോഴിയും പൂച്ചയും ഓട്ടോറിക്ഷയും സ്‌കൂട്ടറും, പൂച്ച പൊലീസ് എന്നിങ്ങനെ ഹൃദയം കണ്ട കാഴ്ചകൾ അവൻ കുറിച്ചു. പാലക്കാട് സുൽത്താൻപേട്ട ഗവ. എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായ കെ എൻ അമീന്റെ രചനകൾ "എന്റെ കഥകൾ' ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ചു.
അധ്യാപിക യു എസ് സക്കീറ ബാനുവാണ് 95 ശതമാനം കാഴ്ചപരിമിതിയുള്ള അമീനിലെ എഴുത്തുകാരനെ കണ്ടെത്തിയത്. വാക്കുകൾകൊണ്ട് ലോകം ചിത്രീകരിക്കാൻ അമീൻ പഠിച്ചു. അവന്റെ കഥകളിൽ വെളിച്ചമുണ്ട്. ആ വെളിച്ചം അവനെ മാത്രമല്ല, വായിക്കുന്നവരെയും പ്രകാശിപ്പിക്കും.
പെൻസിൽകൊണ്ട് എഴുതിയശേഷം പേന ഉപയോഗിച്ച് മുകളിലൂടെ എഴുതും. അക്ഷരവലുപ്പം കൂടുതലാണ്. അങ്ങനെ എഴുതിയാലേ അമീന് വായിക്കാനാകൂ. മലയാളവും ഇംഗ്ലീഷും ഒഴുക്കോടെ സംസാരിക്കും. ഒരിക്കൽ പറഞ്ഞുകൊടുത്താൽ ഓർത്തുവയ്ക്കാനുള്ള കഴിവും അമീനുണ്ട്- അധ്യാപിക പറഞ്ഞു.
‘മിടുക്കനായി വളരൂ' എന്ന് അമീനെ ആശംസിച്ച് ഒരാഴ്ചമുമ്പ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കിട്ടിരുന്നു. യാക്കര സ്വദേശി അഭിഭാഷകനായ നൗഫലും ഷാഹിദയുമാണ് രക്ഷിതാക്കൾ. അമീന്റെ പുസ്തകത്തിനൊപ്പം സ്കൂളിലെ ഭദ്രലക്ഷ്മി, ആർ മിത്ര, അമരേന്ദ്രൻ, എ അനന്തു, മുഹമ്മദ് ലയാൻ എന്നിവരുടെ പുസ്തകങ്ങളും പ്രധാനാധ്യാപകൻ അഷ്‌റഫ് പിടിഎ പ്രസിഡന്റ് ജിഞ്ചു ജോസിന് നൽകി പ്രകാശിപ്പിച്ചു.








0 comments