ad
Deshabhimani

ഇനി കിമോണോ ധരിക്കാം, നൂറ്റാണ്ടുകൾ പിന്നിട്ട 'ഫാഷൻ' ഹിറ്റാക്കി ജപ്പാനീസ് യുവത്വം

kimono
വെബ് ഡെസ്ക്

Published on Feb 22, 2026, 03:03 PM | 3 min read

ഇന്ത്യക്കാര്‍ക്ക് സാരി എന്നപോലെയല്ല ജാപ്പനീസ് ജനതയ്ക്ക് കിമോണോ. പാരമ്പര്യത്തിന്റെയും പ്രൗഡിയുടെയും അടയാളവും മാത്രമല്ല. ഓരോ കുടുംബത്തിന്റെയും അടയാളവും സൂക്ഷിപ്പുമാണത്. ജപ്പാനിലെ സാമുറായിമാരും ഗെയ്ഷകളും അണിഞ്ഞു നടന്നിരുന്ന ലോകമെമ്പാടും പ്രശസ്തമായ വസ്ത്രമാണ് കിമോണോ.


നിശ്ചിത കാലം അണിഞ്ഞ് ഒഴിവാക്കുന്നതല്ല. ഒരു കിമോണ സ്വന്തമാക്കിയാൽ രണ്ടും മൂന്നും തലമുറകൾ വരെ അലമാരകളിൽ സൂക്ഷിപ്പായിരിക്കും. ജാപ്പനീസ് സിനിമകളിലും ഡ്രാമകളിലും നൃത്തത്തിലും എല്ലാം ഈ മുഴുനീള പുറം കുപ്പായമിട്ട കഥാപാത്രങ്ങൾ ഏത് കാലത്തേക്കും ആരാധനയോടെ നമ്മെ പിന്നാലെ നടത്തിക്കും. അകിര കുറോസാവയുടെ സമുറായ് സിനിമകളിൽ ഇവയുടെ സൗന്ദര്യം മുഴുവൻ പകര്‍ത്തിയിട്ടുണ്ട്.


ജപ്പാനിലെ പ്രശസ്ത ഗായികയായ സുമി കനേക്കോ തന്റെ സംഗീത പരിപാടികളിൽ ഈയിടെ കിമോണോയുടെ പുതുരൂപങ്ങൾ അവതരിപ്പിച്ച് തുടങ്ങി. "ജീവന്റെ പുനരുൽപ്പാദനം" (Recycling of life)എന്നാണ് അവരതിനെ വിശേഷിപ്പിച്ചത്. റീസൈക്കിൾ ചെയ്ത കിമോണോ വസ്ത്രങ്ങളാണ് അവര്‍ വേദിയിൽ ഉപയോഗിക്കുന്നത്. പുതു തലമുറ ഇത് ആഘോഷിക്കുന്നു.


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജാപ്പനീസ് വസ്ത്രമായ'കിമോണോ'അങ്ങനെ പുത്തൻ ഫാഷൻ ലോകത്ത്ചര്‍ച്ചയായി. പഴയ കിമോണോകൾ മുറിച്ചുമാറ്റി പുതിയ വസ്ത്രങ്ങളും ബാഗുകളും നിർമ്മിക്കുന്ന രീതിയെ സുസ്ഥിര ഫാഷന്റെ (Sustainable Fashion) പുതിയ മുഖം എന്ന് വിശേഷിപ്പിക്കുന്നു. സുസ്ഥിര ഫാഷൻ നിര എന്നൊരു സങ്കല്പം തന്നെ കൊണ്ടു വരുന്നു.


പഴയ വസ്ത്രവും തുണിത്തരങ്ങളും മുറിച്ച് പുതിയവ നിര്‍മ്മിക്കുന്ന നിരയല്ല ഇത്. ഇന്ന് ജപ്പാനിലെ തെരുവുകളിൽ കിമോണോ വെറും പാരമ്പര്യത്തിന്റെ അടയാളം മാത്രമല്ല. മറിച്ച് അത് ആധുനിക ഫാഷന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പുതിയ സന്ദേശമാണ്.


അമൂല്യമായ പട്ടുനൂലിൽ തീർത്ത ഒരു യഥാർത്ഥ കിമോണോയ്ക്ക് നൂറിലധികം വർഷം ആയുസ്സുണ്ട്. വിലയും അതുപോലെയാണ്. കുടുംബത്തിലെ ആഭരണങ്ങൾ പോലെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ വസ്ത്രങ്ങൾഅമൂല്യങ്ങളായി കരുതുന്നു. പുതിയ കാലത്ത്പലപ്പോഴും ഉപയോഗിക്കാതെ അലമാരകളിൽ ഇരിക്കാറാണ് പതിവ്. ഇപ്പോൾപഴയ കിമോണോകൾ റീസൈക്കിൾ ചെയ്ത് ആധുനിക രീതിയിലുള്ള ജാക്കറ്റുകളും,പാന്റുകളും,ടോട്ട് ബാഗുകളുമാക്കി മാറ്റുന്ന സംരംഭങ്ങൾ ജപ്പാനിൽ വർദ്ധിച്ചുവരികയാണ്.


മാത്രമല്ല അത് ഒരു തരംഗമായിരിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും'ഒരിക്കലും ഫാഷൻ ഔട്ട് ആകില്ല'എന്നതാണ് ഇതിന്റെ പ്രത്യേകത. നിര്‍മ്മാണവും ഉപയോഗിക്കുന്ന പട്ടുനൂലും അതിലെ പ്രിന്റുകളും എല്ലാം തികച്ചും വ്യതിരിക്തമായ അനുഭവം പകരുന്നതാണ്. അതുകൊണ്ടു തന്നെ കിമോണ വസ്ത്രങ്ങൾ എവിടെയും പെട്ടെന്ന് തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യും. ഇവ ധരിക്കാൻ നിബന്ധനകളുണ്ട്. ഭൂരിഭാഗം ജപ്പാൻകാർക്കും ജീവിതത്തിൽ ചിലപ്പോൾ ഏതാനും തവണകൾ മാത്രമേ കിമോണോ ധരിക്കാൻ അവസരം ലഭിക്കൂ, എങ്കിലും അതൊരു മറക്കാനാവാത്ത അനുഭവമാണ്.


ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന'K’Forward'പോലുള്ള കമ്പനികൾ ഈ മേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അവരുടെതൊമേസോഡ്(Tomesode)നിരകറുത്ത നിറത്തിൽ മനോഹരമായ പൂക്കളും പക്ഷികളും എംബ്രോയിഡറി ചെയ്ത ഫാഷനബിൾ ജാക്കറ്റുകളാണ്. ഫ്യൂറിസോഡ് (Furisode)എന്നാൽനീളൻ കൈകളുള്ള വർണ്ണാഭമായ കിമോണോകൾ ഡിസൈനർ വസ്ത്രങ്ങളായിവേഷം മാറിയതാണ്. ബാഗുകളും കളിപ്പാട്ടങ്ങളും വരെ കിമോണ തീമിൽ നിര്‍മ്മിക്കപ്പെടുന്നു.


kimono


പുതിയ തലമുറ കിമോണോ ധരിക്കുന്ന രീതിയിലും മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.പാരമ്പര്യമായ ചെരിപ്പുകൾക്ക്(Zori)പകരം ബൂട്ട്സ് ധരിച്ചും,ഷർട്ടുകൾക്ക് മുകളിൽ കിമോണോ ജാക്കറ്റുകൾ അണിഞ്ഞും അവർ തങ്ങളുടേതായ ഒരു'ഫ്യൂഷൻ സ്റ്റൈൽ'സൃഷ്ടിക്കുന്നു.


ആദ്യകാലങ്ങളിൽ ഹക്കാമ എന്ന ഉടയാട കിമോനോയുടെ മേൽ ധരിക്കുമായിരുന്നു. പതിനാലാം നൂറ്റാണ്ട് മുതൽക്ക് കിമോനോയ്ക്ക് സ്വതന്ത്ര മേൽവസ്ത്രം എന്ന പദവി ലഭിക്കുകയും കെട്ടിയടയ്ക്കാൻ ഒബി എന്ന കച്ച അകമ്പടിയാവുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ട് മുതൽക്ക് കൈയ്യറകൾ ക്രമേണ വീതിയും നീളവും കൂടുകയും ഒബി വിസ്താരമുള്ളതും പലരീതിയിൽ കെട്ടാവുന്നതാവുകയും ചെയ്തു.


ഇംഗ്ലീഷ് അക്ഷരമാലയിലെ Tആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ വസ്ത്രത്തിന്റെ അടിഭാഗം കണങ്കാൽ വരെ നീളും.കോളറും,വിശാലമായ സ്ലീവും ഉണ്ട്.കിമോണോ ഉറപ്പിക്കാൻ ഒബി (obi)എന്ന ഒരു കച്ചയും ചുറ്റിയിരിക്കും.സോറി (zori)എന്ന പാദരക്ഷകളും,താബി (tabi)എന്ന കാലുറയും ഒപ്പം ധിരിക്കേണം.സ്ത്രീകളാണ് കിമോണോ മുഖ്യമായും ധരിക്കുന്നതെങ്കിലും പുരുഷ കിമോനോകളും സാധാരണമാണ്. പുരുഷ കിമോനോകൾ ഇറക്കം കുറഞ്ഞവയും അലങ്കാരം ആവശ്യമില്ലാത്തവയും ആയതിനാൽ വിലയും കുറവാണ്.


kimono


കിമോണോയുടെ വില എക്കാലത്തും ആളുകളെ ഓടിക്കുന്നതാണ്. ഫുൾ സെറ്റ് 20,000 ഡോളര്‍ വരെ വില വരുന്ന ഇനങ്ങളുണ്ട്. കെ-ഫോർവേഡിൽ പുനർനിർമ്മിച്ച അവിവാഹിതരായ യുവതികൾ ധരിക്കുന്ന 'ഫ്യൂറിസോഡിന്' (furisode) 1,60,000 യെൻ (ഏകദേശം 1,032 യുഎസ് ഡോളർ) വരെ വിലവരും.


പരമ്പരാഗത ശൈലിയിലുള്ള പഴയ കിമോണോകളും ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നുണ്ട്. "മറ്റ് വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കിമോണോ നിങ്ങൾക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം," ക്യോട്ടോയിലെ കിമോണോ സ്കൂൾ നടത്തുന്ന നാവോ ഷിമിസു പറയുന്നു. കിമോണോ ധരിക്കാനും അത് ധരിച്ചുകൊണ്ട് എങ്ങനെ പെരുമാറണമെന്നും അവരുടെ സ്കൂളിൽ പഠിപ്പിക്കുന്നു. കിമോണോയിലെ മാറ്റത്തെ അവര്‍ ആവേശപൂര്‍വ്വമാണ് സ്വാഗതം ചെയ്യുന്നത്.


പഴയ കാലത്ത് ഇതിന് അകക്കുപ്പായങ്ങൾ ധരിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. പ്രത്യേക ചെരിപ്പും കുടയും എല്ലാമായി പെട്ടെന്നുള്ള ചലനങ്ങൾ പ്രയാസകരമാണ്. പൊലീസുകാരും അധ്യാപകരും ഉദ്യോഗസ്ഥരും ഒക്കെ കിമോണോ ധരിക്കുന്നത് ഒരു ഉത്തരവിലൂലെ ഇല്ലാതാക്കിയ കഥയും ജപ്പാൻ ചരിത്രത്തിലുണ്ട്.


ഇന്ന് യുവതികളാണ് കിമോണോ ധാരികളിലേറെയും. യുവാക്കളും ഇതിൽ അണിചേരുന്നു. കിമോണോ അന്നും ഇന്നും യുവത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വസ്ത്രമായി പുതു തലമുറയിലൂടെ തുടര്‍ച്ച നേടുന്നു.

kurosawaഅകിര കുറോസാവ ചിത്രത്തിൽ നിന്ന്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home