വരകളാൽ വിസ്മയം തീർത്ത് ശ്രീഹരി

ആനവരയിൽ ഒന്നാം സ്ഥാനം നേടിയ ചിത്രവുമായി ശ്രീഹരി
കാടാച്ചിറ ഹയർസെക്കൻ്ററി സ്കൂളിലെ
ഏഴാംതരം വിദ്യാർത്ഥി ശ്രീഹരി, ഇതിനകം വരച്ചുകൂട്ടിയ ചിത്രങ്ങൾ നിരവധി. ലഭിച്ച പുരസ്കാരങ്ങളും ഏറെ. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മൽസരങ്ങളിൽ പലതിലുംഒന്നാമനായിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ.
മൂന്നാം വയസ്സിൽ കരിക്കട്ട കൊണ്ട് വീട്ടുചുമരിൽ ചിത്രങ്ങൾ വരഞ്ഞാണ് തുടക്കം.അതിൽ കാക്കയും, കുയിലും, പൂക്കളും, ശലഭങ്ങളും നിറഞ്ഞുനിന്നു.
ശ്രീഹരി വരച്ചിട്ട ചിത്രങ്ങളെ കൊച്ചുകുട്ടിയുടെ വെറും നേരമ്പോക്കായി കാണാൻ കലാകാരനും, കുറ്റിക്കകം സൗത്ത് എൽപി സ്കൂളിലെ അധ്യാപകനുമായിരുന്ന അപ്പൂപ്പൻ സുന്ദരം മാഷ് തയ്യാറായില്ല. അങ്ങിനെയാണ്, ഏഴു വയസ്സുകാരനായ തൻ്റെ കൊച്ചു മകനെ തലശ്ശേരിയിലെ സിവി ബാലൻ സ്മാരക സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പരിശീലനത്തിന് അയക്കാൻ തീരുമാനിച്ചത്. കോവിഡിനു ശേഷം കണ്ണൂരിലെ ഗീതാഞ്ജലി കലാക്ഷേത്രത്തിൽ തുടർപരിശീലനം.
ചുറ്റുംകാണുന്നതെന്തും കാൻവാസിലേക്ക് പകർത്താൻ ഇഷ്ടപ്പെടുന്ന ശ്രീഹരി അക്രിലിക്കിലും, വാട്ടർകളറിലും ഒരുപോലെ ചിത്രങ്ങൾ വരക്കുമെങ്കിലും, ലേശം ഇഷ്ടക്കൂടുതൽ വാട്ടർകളറിനോടാണെന്ന് ശ്രീഹരി. പറഞ്ഞുകേട്ടിട്ടുപോലുമില്ലാത്ത പഴയകാല കേരളീയ ജീവിതങ്ങളെ, അതിൻ്റെ സൂക്ഷ്മാർത്ഥത്തിൽ ശ്രീഹരി കാൻവാസിലേക്ക് പകർത്തുമ്പോൾ അത് നമ്മളെ അതിശയിപ്പിക്കാതിരിക്കില്ല.
മത്സരങ്ങൾ, സമ്മാനങ്ങൾ
കേന്ദ്ര ഊർജ്ജമന്ത്രാലയം ഊർജ്ജസംരക്ഷണം വിഷയമാക്കി നടത്തിയ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും, ദേശീയതല അംഗീകാരവും ശ്രീഹരിയെ തേടിയെത്തി. സംസ്ഥാന തലത്തിൽ, കേരളവനംവകുപ്പ് 'കൂൺ കുടയാക്കുന്ന ജീവി' എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനം, 'പൂന്തോട്ടം' എന്ന വിഷയത്തിൽ വാട്ടർ കളറിൽ രണ്ടാം സ്ഥാനം, ഗജദിനത്തോടനുബന്ധിച്ച് ഗുരുവായൂർ അമ്പലത്തിൽ നടന്ന ആനവരയിൽ മൂന്നാംസ്ഥാനവും നേടിയിട്ടുണ്ട് ഈ ഏഴാം ക്ലാസ്സുകാരൻ.
ജില്ലാ ലൈബ്രറികൗൺസിലിൻ്റെ സർഗ്ഗോത്സവം പരിപാടിയോടനുബന്ധിച്ച് ജില്ലാ തലത്തിൽ നടത്തിയ കഥാ ചിത്രീകരണത്തിൽ ഒന്നാം സ്ഥാനം, ശുചിത്വമിഷൻ കേരള നടത്തിയ ചിത്രരചനാ മൽസരത്തിൽ ഒന്നാം സ്ഥാനം തുടങ്ങി ജില്ലയിലെ വിവിധസാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ,ഗ്രന്ഥശാലകൾ എന്നിവ നടത്തിയ മത്സരങ്ങളിലെല്ലാം ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കി. നാല് സ്വർണ്ണമെഡലുകൾക്ക് പുറമെ, നിരവധിയായ ക്യാഷ് പ്രൈസുകളും, സർട്ടിഫിക്കറ്റുകളും ശ്രീഹരി സ്വന്തമാക്കി.
സബ്ജില്ലാ കലോൽസവങ്ങളിലും,ശാസ്ത്രമേളകളിലും സ്വന്തം സ്കൂളിന് ഒന്നാം സ്ഥാനം നേടികൊടുത്തിട്ടുണ്ട്, ഈ ഏഴാംക്ലാസ്സുകാരൻ.2024 സപ്തംബർ 18 മുതൽ 22 വരെ കതിരൂർ ആർട്ട് ഗാലറിയിൽ നടന്ന
ചിത്രപ്രദർശനത്തിൽ ശ്രീഹരി വരച്ച ചിത്രങ്ങളും ഇടം പിടിച്ചു.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരുടെ രണ്ട് ചിത്രങ്ങൾ വീതമാണ് ചിത്രപ്രദർശനത്തിൻ്റെ ഭാഗമായത്.

ഇഎം എസ് സ്മാരക മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിക്കകം സൗത്ത് എൽപി സ്കൂൾ, നടാൽ വിജ്ഞാന ദായിനി വായനശാല, കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിൽ ശ്രീഹരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്.
നടാൽ വിജ്ഞാനദായിനി വായനശാലയ്ക്ക് സമീപം സജു ഭവനിൽ പരേതനായ റനീഷ് ബാബുവിൻ്റേയും, സജ്നയുടേയും മകനാണ് ശ്രീഹരി. നാലാം ക്ലാസ്സുകാരി ശ്രതിക സഹോദരിയാണ്.









0 comments