ജ്ഞാനനിർമിതിയുടെ സംഗീതം

സി എസ് മീനാക്ഷി
അനിൽ മാരാത്ത്
Published on Nov 22, 2026, 01:30 AM | 2 min read
ശാസ്ത്രത്തിന്റെ സൂക്ഷ്മനിരീക്ഷണവും സംഗീതത്തിന്റെ ഹൃദയസ്പർശിയായ അനുഭൂതിയും സമന്വയിപ്പിച്ച അപൂർവ വ്യക്തിത്വമാണ് സംഗീത ഗവേഷകയും എഴുത്തുകാരിയുമായ സി എസ് മീനാക്ഷി. എൻജിനിയറെന്ന നിലയിൽ ഭൂപടങ്ങളുടെയും ഭൂമിശാസ്ത്രത്തിന്റെയും ആഴങ്ങൾ അന്വേഷിച്ച അവർ, സാഹിത്യലോകത്ത് സംഗീതത്തിന്റെ ചരിത്രവും സ്ത്രീപങ്കാളിത്തവും സാംസ്കാരിക പാരമ്പര്യവും അതേ അന്വേഷണാത്മകതയോടെ അവതരിപ്പിക്കുന്നു.
മീനാക്ഷിയുടെ രചനകൾ അനുഭവവും ഗവേഷണവും ഒത്തുചേരുന്ന വിജ്ഞാനയാത്രകളാണ്. സംഗീതം, ശാസ്ത്രം, ചരിത്രം, സംസ്കാരം എന്നിവയെ സാഹിത്യഭാഷയുടെ സൗന്ദര്യത്തിൽ കോർത്തിണക്കുന്ന അവരുടെ പുസ്തകങ്ങൾ വായനക്കാരെ ചിന്തയുടെ പുതിയ ലോകങ്ങളിലേക്ക് നയിക്കുന്നു. ആദ്യ രണ്ടുപുസ്തകങ്ങൾതന്നെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടി.
പെൺപാട്ടുതാരകളും അൻപേന്തിയ വില്ലാളിയും
1938-ലെ ബാലൻ മുതൽ 2023 വരെയുള്ള 25,000 മലയാളചലച്ചിത്രഗാനങ്ങളിലെ, തെരഞ്ഞെടുത്ത പാട്ടുകളിലെ സ്ത്രീകളുടെ സൃഷ്ടിപരമായ പങ്കാളിത്തവും സൂക്ഷ്മമായ പഠനവും അന്വേഷണവുമാണ് മീനാക്ഷി എഴുതിയ ‘പെൺപാട്ടുതാരകൾ’-. സംഗീതത്തിലെ ലിംഗനീതിയും പാട്ടുകളുടെ സ്ത്രീ ആവിഷ്കാരവും അഭിമുഖങ്ങളും. ആദ്യകാല ഗായിക വിമല വർമയുടെ ജീവിത യാത്രയുടെ നേർക്കാഴ്ചയും ആഴത്തിൽ വിശകലനം ചെയ്യുന്ന ശ്രദ്ധേയ ഗവേഷണഗ്രന്ഥം. ഗായികമാർ, ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, അഭിമുഖങ്ങൾ, സംഗീതധാരകൾ, ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനം, ആലാപനശൈലികൾ തുടങ്ങി അനേകം വിഷയങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ കൃതിയാണിത്. മലയാളചലച്ചിത്ര സംഗീതത്തിന്റെ ഇതിഹാസ ഗാനരചയിതാവ് പി ഭാസ്കരന്റെ സൃഷ്ടി ജീവിതത്തോടുള്ള ഹൃദയപൂർവമായ ആദരാഞ്ജലിയാണ് ‘പി ഭാസ്കരൻ: അൻപേന്തിയ വില്ലാളി’ എന്ന പുസ്തകം.
ഭൂപടനിർമാണം: ടോപ്പോഷീറ്റിൽ നിന്നുള്ള അന്വേഷണം
ജലസേചനവകുപ്പിൽ ജോലിചെയ്യുമ്പോൾ കുറ്റ്യാടി കരിങ്ങാട് പുഴയിലെ സൈറ്റുൾപ്പെടുന്ന ഭൂപ്രദേശത്തിന്റെ ടോപ്പോഷീറ്റ് തുറന്നുനോക്കിയപ്പോൾ അന്തംവിട്ടുപോയി. അതൊരു ലോകാത്ഭുതമായിട്ടാണ് തോന്നിയത്. സൈറ്റിലുള്ള ഓരോ ഉയർച്ചതാഴ്ചകളും പുഴയുടെ വളവുതിരിവുകളും ആ പ്രദേശത്തിന്റെ കോണ്ടറുകളും കൃത്യമായി അതിലുണ്ടായിരുന്നു. ആ പ്രദേശമാകെ ലെവലിങ് സർവേ ചെയ്തപ്പോൾ അത്ഭുതം കൂടിവന്നു. ആരായിരിക്കും ഈ ഭൂപടനിർമാണത്തിനു പിന്നിൽ. എങ്ങനെയാകും ഇതുണ്ടാക്കിയിരിക്കുക. ഏത് കാലത്താകും. ചില ചോദ്യങ്ങൾ മനസ്സിലുണർന്നു. സർവേയുടെ ശാസ്ത്രീയതയും മനുഷ്യപ്രയത്നത്തിന്റെ മഹത്വവും തിരിച്ചറിഞ്ഞ അനുഭവം പിന്നീട് ചരിത്രാന്വേഷണത്തിന്റെയും എഴുത്തിന്റെയും പ്രചോദനമായി.
ഭൗമചാപം: ഭൂമിയെ അളന്ന മനുഷ്യന്റെ കഥ
ബ്രിട്ടീഷ് കാലഘട്ടത്തിലെ മഹത്തായ ഭൂമിശാസ്ത്ര സർവേകളുടെ ചരിത്രം ജനകീയമായി അവതരിപ്പിക്കുന്ന കൃതിയാണ് ഭൗമചാപം. എൻജിനിയറിങ് അനുഭവങ്ങളും ചരിത്രഗവേഷണവും സമന്വയിപ്പിച്ച ഈ പുസ്തകം അക്കാദമിക രംഗത്തും പൊതുവായനക്കാരുടെ ഇടയിലും ഒരുപോലെ സ്വീകരിക്കപ്പെട്ടു. ഈ ഗ്രന്ഥത്തിലെ ഭാഗങ്ങൾ സർവകലാശാലാ പഠനവിഷയമായതും പ്രസക്തി തെളിയിക്കുന്നു.
അച്ഛൻ പകർന്ന സംഗീതപാഠങ്ങൾ
വീട്ടുമുറ്റത്ത് ആരംഭിച്ച സംഗീതപഠനമാണ് സംഗീത ജീവിതത്തിന്റെ അടിത്തറ. ആകാശവാണിയുടെ സ്വരമാധുരിയും സായാഹ്നങ്ങളിലെ കൂട്ടുപാട്ടുകളും കുടുംബസംഗീതസദസ്സുകളും ചേർന്നതാണ് ബാല്യകാല സ്മരണകൾ. ചലച്ചിത്രഗാനങ്ങളും കച്ചേരികളും ഭക്തിഗാനങ്ങളും ലോകസംഗീതവും ഒരുപോലെ ഇടംപിടിച്ച ആ സംഗീതാന്തരീക്ഷം പിന്നീട്, ഗവേഷണത്തിനും എഴുത്തിനും അടിത്തറയായി. അച്ഛൻ സി കെ സുബ്രമണ്യനിൽനിന്ന് ലഭിച്ച കർണാടക സംഗീതത്തിന്റെ ആദ്യപാഠങ്ങൾ രാഗങ്ങളെയും കൃതികളെയും മാത്രമല്ല, സംഗീതത്തെതന്നെ ജീവിതത്തിന്റെ ഭാഗമാക്കി.
അംഗീകാരങ്ങൾ
പെൺപാട്ടുതാരകൾ കേരള ചലച്ചിത്ര അക്കാദമിയുടെയും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെയും പുരസ്കാരങ്ങൾ നേടി. ഭൗമചാപം കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച ജനപ്രിയ ശാസ്ത്രഗ്രന്ഥ പുരസ്കാരം, ഒ വി വിജയൻ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി.








0 comments